ന്യൂഡല്‍ഹി: നഗരത്തിലെ പൊതുശൗചാലയങ്ങള്‍ കണ്ടെത്തുന്നതിനുള്ള മൊബൈല്‍ ആപ്പ് യാഥാര്‍ഥ്യമാകുന്നു. ഡല്‍ഹിയിലെ പൊതുശൗചാലയങ്ങളുടെ മാപ്പിങ്ങും ജിയോ ടാഗിങ്ങും നടത്താന്‍ ഹൈക്കോടതി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോട് ആവശ്യപ്പെട്ടു. കോടതി നിര്‍ദേശം അതേപടി കോര്‍പ്പറേഷനുകള്‍ നടപ്പാക്കിയാല്‍ മൊബൈല്‍ അപ്പ് വഴി തൊട്ടടുത്തുള്ള ശൗചാലയം എവിടെയാണെന്ന് ആളുകള്‍ക്ക് കണ്ടെത്താന്‍ കഴിയും. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെയാണ് നോഡല്‍ ഏജന്‍സിയായി കോടതി നിയോഗിച്ചത്.

നഗരത്തിലെ ശൗചാലയങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷനുകള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച കോടതിക്ക് എവിടെയൊക്കെയാണ് അവ സ്ഥിതിചെയ്യുന്നതെന്ന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് മാപ്പിങ്ങും ജിയോ ടാഗിങ്ങും നടത്താന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹിരശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കോര്‍പ്പറേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോടതിനിര്‍ദേശം സംബന്ധിച്ച് കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് അടുത്തവാദം കേള്‍ക്കുന്ന ഒക്ടോബര്‍ 30-ന് സമര്‍പ്പിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

തിരക്കേറിയഭാഗങ്ങളില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.