ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ യാത്രക്കാര്‍ തീപ്പെട്ടി, സിഗരറ്റ് ലൈറ്റര്‍ എന്നിവ കൊണ്ടുപോകുന്നതും സ്റ്റേഷന്‍ പരിസരത്ത് ഇവ ഉപയോഗിക്കുന്നതും കര്‍ശനമായി തടയണമെന്ന് ഡി.എം.ആര്‍.സി. ക്കു ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. യാത്രക്കാര്‍ കൈവശം വെക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന വസ്തുക്കളുടെ പട്ടികയില്‍നിന്ന് തീപ്പെട്ടിയും സിഗരറ്റ് ലൈറ്ററും ജനുവരിയില്‍ ഡി.എം.ആര്‍.സി. ഒഴിവാക്കിയിരുന്നു.

പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള 2008-ലെ ചട്ടത്തിന് വിരുദ്ധമാണിതെന്നു കാണിച്ച് ഡി.എം.ആര്‍.സി.ക്കു കത്തെഴുതിയതായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. അറോറ പറഞ്ഞു. ഇവ കൈവശം വെക്കാന്‍ അനുവദിക്കുന്നത് പ്രത്യക്ഷമായോ, പരോക്ഷമായോ പുകവലി പ്രോത്സാഹിപ്പിക്കും.
 
നേരത്തെ ഇതു സംബന്ധിച്ച് ഡി.എം.ആര്‍.സി.ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെങ്കിലും ഇതുവരെ നടപടി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അറോറ പറഞ്ഞു. സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രോഡക്ടസ് ആക്ട് നാലാം വകുപ്പ് പ്രകാരം കര്‍ശനനടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീഴ്ച വരുത്തിയാല്‍ ഡി.എം.ആര്‍.സി.ക്കെതിരേ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.