ന്യൂഡല്‍ഹി: ബലാത്സംഗത്തിനെതിരേ വ്യത്യസ്ത സന്ദേശപ്രചാരണവുമായി ഡല്‍ഹി വനിതാ കമ്മിഷന്റെ പുരുഷ വൊളന്റിയര്‍മാര്‍. ബോക്‌സര്‍ ഷോര്‍ട്‌സും ജീന്‍സും മാത്രം ധരിച്ച് മണ്ഡി ഹൗസ് മുതല്‍ സെന്‍ട്രല്‍ പാര്‍ക്ക് വരെ നടത്തിയ റാലിയില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബലാത്സംഗത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാരണമാകുന്നു എന്ന പരാമര്‍ശങ്ങള്‍ക്കെതിരേയാണ് അര്‍ധനഗ്നരായി ഇവര്‍ പ്രകടനം നടത്തിയത്.

ജനുവരിയില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പീഡനത്തിനിരയായ സംഭവത്തിനു ശേഷം കമ്മിഷന്‍ ആരംഭിച്ച 'റേപ് രോക്കോ' (ബലാത്സംഗം തടയൂ) എന്ന കാമ്പയിന്റെ ഭാഗമായാണിത്. ഇത്തരം വിഷയങ്ങളില്‍ അധികാരികളും സമൂഹവും നിശ്ശബ്ദത പാലിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 9.30-ന് സെന്‍ട്രല്‍ പാര്‍ക്കിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കും.

'അവളുടെ വസ്ത്രമല്ല ചെറുത്, നിങ്ങളുടെ മനസ്സാണ്' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം. ''വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നത് പീഡനത്തെ അതീജീവിച്ചവര്‍ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കും. എട്ടുമാസം പ്രായമായ കുട്ടി എന്തുവസ്ത്രമാണ് ധരിക്കേണ്ടത്? എനിക്ക് ഷോര്‍ട്‌സ് മാത്രം ധരിച്ച് പുറത്തിറങ്ങാം. എന്നാല്‍ ഒരു പെണ്‍കുട്ടി സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാല്‍ സമൂഹം അവളെ തുറിച്ചുനോക്കുന്നു. എവിടെയാണ് നീതി ? എവിടെയാണ് തുല്യത ?'', റാലിയില്‍ പങ്കെടുത്ത ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥി അഭിഷേക് ചോദിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കോടതി ബാര്‍ അസോസിയേഷനുകളും കമ്മിഷന്റെ പ്രചാരണത്തിനു പിന്തുണ പ്രഖ്യാപിച്ചു. ബലാത്സംഗക്കേസുകളുടെ വിചാരണ അതിവേഗ കോടതികളില്‍ നടത്തി ആറുമാസത്തിനകം ശിക്ഷ നടപ്പാക്കണമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.