ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെപേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയ 20 എ.എ.പി. എം.എല്‍.എ.മാരുടെ ശമ്പളം തടഞ്ഞതായി ഡല്‍ഹി നിയമസഭാ സ്​പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു. എം.എല്‍.എ. മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തി.

എം.എല്‍.എ.മാരുടെ ഫെബ്രുവരിയിലെ ശമ്പളം നല്‍കിയിട്ടില്ലെന്ന് സ്​പീക്കര്‍ പറഞ്ഞു. ശമ്പളവും അലവന്‍സുകളുമടക്കം പ്രതിമാസം 90,000-ഓളം രൂപയാണ് എം.എല്‍.എ.മാര്‍ക്ക് ലഭിക്കുന്നത്. ആദര്‍ശ് ശാസ്ത്രി (ദ്വാരക), അല്‍ക ലാംബ (ചാന്ദ്‌നി ചൗക്ക്), സഞ്ജീവ് ഝാ (ബുരാഡി), കൈലാഷ് ഗെലോട്ട് (നജഫ്ഗഢ്), വിജേന്ദ്ര ഗാര്‍ഗ് (രജീന്ദര്‍ നഗര്‍), പ്രവീണ്‍ കുമാര്‍ (ജംഗ്പുര), ശരത് കുമാര്‍ ചൗഹാന്‍ (നരേല), മദന്‍ ലാല്‍ ഖുഫിയ (കസ്തൂര്‍ബ നഗര്‍), ശിവ് ചരണ്‍ ഗോയല്‍ (മോത്തി നഗര്‍), സരിതാ സിങ് (റോത്താസ് നഗര്‍), നരേഷ് യാദവ് (മെഹ്‌റോളി), രാജേഷ് ഗുപ്ത (വസീര്‍പുര്‍), രാജേഷ് ഋഷി (ജനക്പുരി), അനില്‍ കുമാര്‍ ബാജ്‌പേയി (ഗാന്ധിനഗര്‍), സോം ദത്ത് (സദര്‍ ബസാര്‍), അവതാര്‍ സിങ് (കല്‍ക്കാജി), സുഖവീര്‍ സിങ് ദല (മുണ്ട്ക), മനോജ് കുമാര്‍ (കോണ്ട്‌ലി), നിതിന്‍ ത്യാഗി (ലക്ഷ്മി നഗര്‍), ജര്‍ണെയില്‍ സിങ് (തിലക് നഗര്‍) എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് തടഞ്ഞത്.

ഇരട്ടപ്പദവിയുടെ പേരില്‍ തങ്ങളെ അയോഗ്യരാക്കിയത് ചോദ്യംചെയ്ത് എം.എല്‍.എ.മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട എ.എ.പി. എം.എല്‍.എ.മാരെ കഴിഞ്ഞ ജനുവരി 19-നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയത്.