ന്യൂഡല്‍ഹി: രക്തത്തിന് നെട്ടോട്ടമോടുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും ഇനി ഡല്‍ഹിയില്‍ ഒരു അഭയകേന്ദ്രം. അടിയന്തിരഘട്ടങ്ങളിലും മറ്റും രക്തദാനത്തിനായി സന്നദ്ധരായവരുടെ കൂട്ടായ്മ തലസ്ഥാനനഗരത്തിലും യാഥാര്‍ഥ്യമായി. ഇങ്ങനെ മറുനാടന്‍ മലയാളികള്‍ക്ക് സാന്ത്വനമായി 'ബ്ലഡ് ഡൊണേഴ്‌സ് കേരള'യുടെ ഡല്‍ഹി ചാപ്റ്റര്‍ രൂപവത്കരിച്ചു. വാട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചാണ് 'ബി.ഡി.കെ. ഡല്‍ഹി' എന്ന പേരിലുള്ള കൂട്ടായ്മയുടെ പ്രവര്‍ത്തനം.

ഇതിനോടകം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞദിവസം കേരള ക്ലബ്ബിലായിരുന്നു. അപരിചിതനായ ഒരാള്‍ക്ക് വൃക്ക പകുത്തിനല്‍കി മാതൃകയായ ഡല്‍ഹി മലയാളി പ്രൊഫ. സഖി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നോര്‍ക്ക വികസന ഓഫീസര്‍ എസ്. ശ്യാംകുമാര്‍, സാമൂഹികപ്രവര്‍ത്തക ദീപ മനോജ്. കേരള ക്ലബ്ബ് പ്രതിനിധികളായ രവീന്ദ്രന്‍, രാധാകൃഷ്ണന്‍ അയിരൂര്‍, മധു പരമേശ്വരന്‍, സി. പ്രതാപന്‍, എബി അലക്‌സ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പവിത്രന്‍ കൊയിലാണ്ടി (പ്രസിഡന്റ്), സിനു ജോണ്‍ (വൈസ് പ്രസിഡന്റ്), എബി അലക്‌സ് (സെക്രട്ടറി), നോബി ചാണ്ടി (ജോ. സെക്രട്ടറി), ജയരാജ് നായര്‍ (കോ-ഓര്‍ഡിനേറ്റര്‍), ദീപ മനോജ് (മഹിള വിഭാഗം കണ്‍വീനര്‍), ശോഭ രാജു (ജോ. കണ്‍വീനര്‍), ഷൈജു മുതുവന (ട്രഷറര്‍), ജോബി ജോര്‍ജ് (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. പ്രൊഫ. സഖി ജോണ്‍ മുഖ്യ ഉപദേശകനായും എ.പി. മധുസൂദനന്‍ രക്ഷാധികാരിയായും പ്രവര്‍ത്തിക്കും.

ബി.ഡി.െക. ഡല്‍ഹി എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയശേഷം കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 18 യൂണിറ്റ് രക്തം അംഗങ്ങള്‍ നല്‍കിക്കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

2011-ല്‍ വിനോദ് ഭാസ്‌കര്‍ എന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ സുഹൃത്തുക്കളായ സരസ്വതി മനോജ്, നൗഷാദ് ബായക്കല്‍ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ 'വി ഹെല്‍പ്പ്' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ഉദ്യമത്തിന്റെ തുടക്കം. രക്തത്തിന്റെ ആവശ്യം വര്‍ധിച്ചതോടെ ബി.ഡി.കെ. എന്നപേരില്‍ ചാരിറ്റബിള്‍! സൊസൈറ്റിക്ക് രൂപംനല്‍കി. ഇന്ന് ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മുന്നൂറു യൂണിറ്റോളം രക്തം സൗജന്യമായി കൂട്ടായ്മവഴി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഒരുലക്ഷത്തോളം രക്തദാതാക്കളുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ല-താലൂക്ക് കേന്ദ്രങ്ങളിലും കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. ചെന്നൈ, ബെംഗളൂരു, മംഗലാപുരം എന്നീ നഗരങ്ങളിലും സജീവമായിക്കഴിഞ്ഞു. കൂടാതെ മാല ദ്വീപ്, ഒമാന്‍, ദുബായ്, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നും ബി.ഡി.കെ.യ്ക്ക് സഹായമെത്തുന്നു.

ഡല്‍ഹിയില്‍ രക്തദാനത്തിന് സന്നദ്ധരായ എല്ലാവരുെടയും സഹകരണം അഭ്യര്‍ഥിക്കുന്നതായി പവിത്രന്‍ കൊയിലാണ്ടി പറഞ്ഞു. ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറുകള്‍: 9968313052, 9539995394, 9818380313.