ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഡല്‍ഹി സര്‍ക്കാരും അയല്‍ സംസ്ഥാനങ്ങളും സമര്‍പ്പിച്ച കര്‍മപദ്ധതിയില്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അതൃപ്തി. പ്രശ്‌നപരിഹാരത്തിനായി വിശദമായ കര്‍മപദ്ധതി വ്യാഴാഴ്ച സമര്‍പ്പിക്കാന്‍ ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണ്? തലസ്ഥാന നഗരിയിലെ അന്തരീക്ഷവായുവിന്റെ ഗുണമേന്മ സാധാരണനിലയിലല്ല. മലിനീകരണം കുറയ്ക്കുന്നതിന് ഓരോഘട്ടത്തിലും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്? മലിനീകരണം തടയുന്നതിന് സാധാരണ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്? എന്‍.ജി.ടി. ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് ചോദിച്ചു.

ബുധനാഴ്ച ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച കര്‍മപദ്ധതി പരിശോധിച്ച ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ മുഴുവന്‍ മറ്റുള്ളവര്‍ സ്വീകരിക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കര്‍മപദ്ധതിയില്‍ പറയുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വ്യാഴാഴ്ച സമഗ്രമായ പദ്ധതി സമര്‍പ്പിക്കാന്‍ ഡല്‍ഹി ചീഫ് സെക്രട്ടിക്ക് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

ഒറ്റ-ഇരട്ടയക്ക നമ്പര്‍ വാഹനനിയന്ത്രണം, അന്തരീക്ഷമലിനീകരണം രൂക്ഷമാകുമ്പോള്‍ നഗരത്തില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നതിനും കെട്ടിടനിര്‍മാണത്തിനും നിരോധനമേര്‍പ്പെടുത്തുക, കുട്ടികള്‍ പുറത്തു കളിക്കുന്നത് അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഡല്‍ഹിസര്‍ക്കാര്‍ സമര്‍പ്പിച്ച കര്‍മപദ്ധതിയില്‍ പറയുന്നു. ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വാഹനനിയന്ത്രണമേര്‍പ്പെടുത്തുമോയെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ കോണ്‍സലിനോട് ബെഞ്ച് ആരാഞ്ഞു. അധികൃതരുമായി ആലോചിച്ച് മറുപടിപറയാമെന്ന് കോണ്‍സല്‍ ബെഞ്ചിനെ ധരിപ്പിച്ചു.

സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ കേവലം തട്ടിപ്പാണെന്നും സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പകര്‍ത്തിവെച്ചിരിക്കുന്നതാണെന്നും ഹര്‍ജിക്കാരനായ വര്‍ധമാന്‍ കൗശിക്കിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് ഉപാധ്യായ പറഞ്ഞു.