ന്യൂഡല്‍ഹി: മനോഹരമായ പല്ലുകള്‍ മനോഹരമായ പുഞ്ചിരി പൊഴിക്കാന്‍ സഹായിക്കും. മാത്രമല്ല, ആത്മവിശ്വാസത്തിന് കരുത്ത് പകരുകയും ചെയ്യും. എല്ലാവരും മനോഹരമായി ചിരിക്കുന്ന ഒരു ലോകം സ്വപ്‌നം കാണുകയാണ് ഡല്‍ഹിയിലെ മൗലാന ആസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് (മെയ്ഡ്‌സ്). ചൊവ്വാഴ്ച ആരംഭിച്ച ഡല്‍ഹി സ്‌മൈല്‍സ്-2017 ദന്തപരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുയാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അധ്യക്ഷനായി. സൗജന്യ പരിശോധനയ്ക്കു പുറമേ പ്രദര്‍ശനങ്ങളും ക്ലാസുകളും ഉണ്ടാകും. 'തിങ്ക് മൗത്ത്, തിങ്ക് ഹെല്‍ത്ത്' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ആണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. ബജറ്റിന്റെ 15 ശതമാനം ആരോഗ്യ മേഖലയിലാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് ഏകീകൃത ആരോഗ്യസംവിധാനം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദന്തപരിചരണ രംഗത്ത് മികച്ച സംഭാവന നല്‍കിയവര്‍ക്ക് കെജ്രിവാള്‍ പുരസ്‌കാരം നല്‍കി.

പല്ലുകള്‍ക്ക് വരുന്ന രോഗങ്ങളെ പൊതുവേ നിസ്സാരമായി കാണുന്നവരാണ് എല്ലാവരും. എന്നാല്‍, ദന്തരോഗങ്ങള്‍ മറ്റു പലരോഗങ്ങളുടെയും ലക്ഷണമായിരിക്കാമെന്ന് മെയ്ഡ്‌സ് പ്രിന്‍സിപ്പല്‍ ഡോ. മഹേഷ് വര്‍മ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി മെയ്ഡ്‌സ് ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച സമാപിക്കും.