ന്യൂഡല്‍ഹി: ഐ.പി. എക്സ്റ്റന്‍ഷന്‍ മുതല്‍ മോജ്പുര്‍ വരെയുള്ള മെട്രോപാതയില്‍ പരീക്ഷണയോട്ടം തുടങ്ങി. മജ്‌ലിസ് പാര്‍ക്ക് - ശിവ് വിഹാര്‍ കോറിഡോര്‍ വരെയുള്ള ഏഴാംനമ്പര്‍ ലൈനിന്റെ ഭാഗമായിട്ടുള്ളതാണ് 10.47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇപ്പോഴത്തെ പാത. പരീക്ഷണയോട്ടം ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ളാഗ് ഓഫ് ചെയ്തു.

പൂര്‍ണമായും മുകളിലൂടെയുള്ളതാണ് മെട്രോയുടെ ഈ പാത. സിവില്‍ അടിസ്ഥാന സൗകര്യത്തില്‍ യാതൊരു പിഴവുമില്ലെന്നും ട്രാക്കുകളുടെ പ്രവര്‍ത്തനം സുഗമമെന്നും ഉറപ്പാക്കുകയാണ് ആദ്യഘട്ട പരീക്ഷണയോട്ടത്തിന്റെ ലക്ഷ്യം.

വിവിധകോച്ചുകള്‍ ഘടിപ്പിച്ച മെട്രോവണ്ടിയുടെ ഓട്ടവും സുഗമമാണെന്ന് ഉറപ്പാക്കും. ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഓടിക്കുന്ന പാത കൂടിയാണിത്. അതിനായി ആശയവിനിമയാധിഷ്ഠിത ട്രെയിന്‍ നിയന്ത്രണ സംവിധാനം നടപ്പാക്കും. ട്രെയിന്‍ ഓട്ടം സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ഉറപ്പാക്കും. ട്രാക്ക് സംവിധാനത്തിന്റെ സ്വഭാവം, വൈദ്യുതിശൃംഖലയുടെ പ്രവര്‍ത്തനം തുടങ്ങിയവയും വിലയിരുത്തും.

ഐ.പി. എക്സ്റ്റന്‍ഷന്‍ മുതല്‍ മോജ്പുര്‍വരെയുള്ള പാതയില്‍ ഒമ്പതുസ്റ്റേഷനുകളുണ്ട്. ഐ.പി. എക്സ്റ്റന്‍ഷന്‍, ആനന്ദ് വിഹാര്‍, കഡ്കഡൂമ, കഡ്കഡൂമ കോടതി, കൃഷ്ണനഗര്‍, ഈസ്റ്റ് ആസാദ് നഗര്‍, വെല്‍ക്കം, ജാഫ്രാബാദ്, മോജ്പുര്‍ എന്നിവയാണവ. ഈ സ്റ്റേഷനുകളിലെ ട്രെയിനുകളുടെ ആവശ്യത്തിനായി വിനോദ് നഗര്‍ ഡിപ്പോ ഉപയോഗപ്പെടുത്തും. മൊത്തം 32 ട്രെയിനുകള്‍ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ളതാണ് ഈ ഡിപ്പോ.

ഈ പാതയില്‍ ആനന്ദ് വിഹാര്‍, കഡ്കഡൂമ, വെല്‍ക്കം എന്നീ സ്റ്റേഷനുകളില്‍ ഇന്റര്‍ചേഞ്ച് സൗകര്യമുണ്ട്. ദ്വാരകാ സെക്ടര്‍ 21 - നോയ്ഡ സിറ്റി സെന്റര്‍/വൈശാലി പാതയ്ക്കു വേണ്ടിയുള്ളതാണ് ആനന്ദ് വിഹാര്‍. ദ്വാരക സെക്ടര്‍ 21- നോയ്ഡ സിറ്റി സെന്റര്‍/ വൈശാലി പാതയെ കഡ്കഡൂമ സ്റ്റേഷനും ബന്ധിപ്പിക്കും. ദില്‍ഷാദ് ഗാര്‍ഡന്‍-റിഥാല പാതയെ ബന്ധിപ്പിക്കുന്നതാണ് വെല്‍ക്കം സ്റ്റേഷന്‍. മോജ്പുര്‍ മുതല്‍ മുകുന്ദ്പുര്‍ വരെയുള്ള പാതയെ ഭാവിയില്‍ മോജ്പുര്‍ സ്റ്റേഷന്‍ ബന്ധിപ്പിക്കും. നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പാത.

ഗതാഗതം കൂടുതലുള്ള പഡ്പഡ്ഗഞ്ച്, ആനന്ദ് വിഹാര്‍, വെല്‍ക്കം, മോജ്പുര്‍ എന്നീ സ്ഥലങ്ങളിലൂടെ നിര്‍മാണം നടത്തുകയെന്നതായിരുന്നു പാതയുടെ പ്രധാനവെല്ലുവിളി. കൂടാതെ, പഡ്പഡ്ഗഞ്ച്, ആനന്ദ് വിഹാര്‍, വെല്‍ക്കം, ജഫ്രാബാദ്, മോജ്പുര്‍ എന്നീ സ്ഥലങ്ങളിലെ അഴുക്കുചാലും ഭൂമി ഏറ്റെടുക്കലുമൊക്കെ വെല്ലുവിളികളായി. ജഫ്രാബാദിലാവട്ടെ ജലവിതരണ ശൃംഖലതന്നെ മാറ്റിസ്ഥാപിക്കേണ്ടി വന്നതും നിര്‍മാണത്തിന് തടസ്സമായിരുന്നു.