ന്യൂഡല്‍ഹി: മെട്രോ സ്മാര്‍ട്ട് കാര്‍ഡുകള്‍ ബസ് യാത്രയ്ക്കും ഉപയോഗിക്കാനാവുന്ന പൊതു യാത്രാകാര്‍ഡ് പദ്ധതി തുടങ്ങി. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനംചെയ്തു.

ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത്, എം.എല്‍.എ.മാരായ അല്‍ക്ക ലാംബ, നരേഷ് യാദവ്, ചീഫ് സെക്രട്ടറി അന്‍ശു പ്രകാശ്, ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ മാംഗു സിങ്, ഡി.ടി.സി. മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി. പ്രത്യേകം അലങ്കരിച്ച ബസില്‍ കാര്‍ഡ് ഉപയോഗിച്ച് മുഖ്യമന്ത്രിയും സംഘവും യാത്രനടത്തി.

ബസുകളില്‍ കണ്ടക്ടര്‍മാരുടെ കൈയിലുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് യന്ത്രത്തില്‍ കാര്‍ഡ് ഉരച്ച് യാത്രചെയ്യാനാവുന്നതാണ് പദ്ധതി. ഈ കാര്‍ഡുകള്‍ ഡല്‍ഹി മെട്രോയിലെ ഏതു സ്റ്റേഷനിലും ലഭിക്കും. പുതിയ കാര്‍ഡ് വാങ്ങാന്‍ അമ്പതുരൂപ നിക്ഷേപത്തുകയടക്കം 150 രൂപയാണ് നല്‍കേണ്ടത്. ചുരുങ്ങിയത് 200 രൂപയ്ക്കും പരമാവധി രണ്ടായിരം രൂപയ്ക്കും കാര്‍ഡുകള്‍ റീച്ചാര്‍ജു ചെയ്യാം.

നഗരത്തിലെ അമ്പതു ക്ലസ്റ്റര്‍ ബസുകളിലും 200 ഡി.ടി.സി. ബസുകളിലുമാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. ഭാവിയില്‍ റെയില്‍വേ സ്റ്റേഷനുകള്‍, ഐ.എസ്.ബി.ടി, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പൊതുയാത്രാകാര്‍ഡുകള്‍ ലഭ്യമാക്കും. ഏപ്രില്‍ ഒന്നുമുതല്‍ നഗരത്തിലെ എല്ലാ ഡി.ടി.സി. ബസുകളിലും പദ്ധതി നടപ്പാക്കും.

ഇപ്പോഴത്തെ റൂട്ടുകള്‍

ഝീല്‍-ത്രിനഗര്‍ (റൂട്ട് നമ്പര്‍ 39)

കമല മാര്‍ക്കറ്റ്-ത്രിലോക്പുരി 27 ബ്ലോക്ക് (റൂട്ട് നമ്പര്‍ 307)

ഐ.എസ്.ബി.ടി. കശ്മീരിഗേറ്റ്-ഇന്ദിരാഗാന്ധി വിമാനത്താവളം ടെര്‍മിനല്‍ മൂന്ന് (റൂട്ട് നമ്പര്‍ 392 ബി)

ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ -അംബേദ്കര്‍ നഗര്‍ ടെര്‍മിനല്‍ (റൂട്ട് നമ്പര്‍ 419)

ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍- കല്‍ക്കാജി ഡി.ഡി.എ. ഫ്‌ളാറ്റ് (റൂട്ട് നമ്പര്‍ 429)

മോരി ഗേറ്റ് - കാപ്പസേഡ ബോര്‍ഡര്‍ (റൂട്ട് നമ്പര്‍ 729)

ഡല്‍ഹി സെക്രട്ടേറിയറ്റ് - കമറുദ്ദീന്‍ നഗര്‍ (റൂട്ട് നമ്പര്‍ 918)

മംഗോള്‍പുരി വൈ ബ്ലോക്ക്-കമല മാര്‍ക്കറ്റ് (റൂട്ട് നമ്പര്‍ 901)

രോഹിണി സെക്ടര്‍ 22 - ശിവാജി സ്റ്റേഡിയം (റൂട്ട് നമ്പര്‍ 957)

അവന്തിക - ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം (റൂട്ട് നമ്പര്‍ 970)

അവന്തിക - ആനന്ദ് വിഹാര്‍ (റൂട്ട് നമ്പര്‍ 971)

റിഥാല വില്ലേജ് - ശിവാജി സ്റ്റേഡിയം (റൂട്ട് നമ്പര്‍ 990)

ഭജന്‍പുര - മയൂര്‍വിഹാര്‍ ഫേസ് ത്രീ ടെര്‍മിനല്‍ (റൂട്ട് നമ്പര്‍ 206)

മോരി ഗേറ്റ് ടെര്‍മിനല്‍ - ചൗഹാന്‍ പട്ടി (റൂട്ട് നമ്പര്‍ 258)

മോരി ഗേറ്റ് ടെര്‍മിനല്‍ - മയൂര്‍വിഹാര്‍ ഫേസ് ത്രീ (റൂട്ട് നമ്പര്‍ 211)

മോരി ഗേറ്റ് ടെര്‍മിനല്‍ - യമുന വിഹാര്‍ സി-നാല് (റൂട്ട് നമ്പര്‍ 253)

ഇതിനുപുറമേ, ഐ.എസ്.ബി.ടി. കശ്മീരിഗേറ്റ് മുതല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വരെയുള്ള എയര്‍പോര്‍ട്ട് എക്‌സ്​പ്രസ് ബസുകളിലും ഗാസിയാബാദ് - ഭജന്‍പുര റൂട്ടിലുള്ള ബസുകളിലും മോരി ഗേറ്റ് - ട്രോണിക്ക സിറ്റി റൂട്ടിലുള്ള ബസുകളിലും കാര്‍ഡുകള്‍ ഉപയോഗിക്കാം.