ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോൾ സ്കൂളിൽ പഠിച്ച സന്തോഷം പ്രകടിപ്പിക്കാനൊരുങ്ങി ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ. ട്രംപിന്റെ പത്‌നി മെലാനിയ ട്രംപ് ഡൽഹിയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏത്‌ സ്കൂളിലാണ് അമേരിക്കൻ പ്രഥമവനിത സന്ദർശിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏത്‌ സ്കൂളിലുമാവാമെന്ന പ്രത്യാശയിൽ എല്ലായിടത്തും ഒരുക്കങ്ങളായിക്കഴിഞ്ഞു. ചുവരുകളിൽ നിറം പൂശിയും വർണാലങ്കാരങ്ങളൊരുക്കിയും സ്കൂളുകളിൽ വിദ്യാർഥികളും അധ്യാപകരുമൊക്കെ മെലാനിയ ട്രംപിനെ വരവേൽക്കാനൊരുങ്ങി. എ.എ.പി സർക്കാർ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഹാപ്പിനസ് കരിക്കുലം അറിയാൻ വേണ്ടിയാണ് ചൊവ്വാഴ്ച മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം.

പാഠ്യപദ്ധതി ഇങ്ങനെ

വിദ്യാഭ്യാസ വിപ്ലവത്തിൽ ശ്രദ്ധയൂന്നിയ എ.എ.പി. സർക്കാർ 2018 ജൂലായിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയതാണ് ഹാപ്പിനസ് കരിക്കുലം. പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കുവേണ്ടിയുള്ളതാണ് ഈ പാഠ്യപദ്ധതി. സന്തോഷത്തിന്റെ വഴികളിലൂടെ കുട്ടികളിൽ ഉന്മേഷംവളർത്തി കൂടുതൽ പഠനമികവ്‌ പ്രകടിപ്പിക്കാൻ വഴിയൊരുക്കുന്നു. ഇതിനായി ഹാപ്പിനസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. എങ്കിലും ഇതിനുപ്രത്യേകം പരീക്ഷയൊന്നുമില്ല. എന്നാൽ, സമയബന്ധിത പരിശോധനനടത്തി വിദ്യാർഥികളുടെ മികവ്‌ വിലയിരുത്തും.

നഴ്‌സറി മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് പദ്ധതി. നഴ്‌സറി, കെ.ജി. ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള ഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ക്ലാസുണ്ടാവും. മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ളതാണ് ഒരു ക്ലാസ്. അധ്യാപകർ മേൽനോട്ടം വഹിക്കും. വ്യായാമവും മറ്റു പ്രവർത്തനങ്ങളും വിദ്യാർഥികളെക്കൊണ്ട്‌ ചെയ്യിക്കും.

ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന അടുത്ത ഘട്ടത്തിൽ ആഴ്ചാവധി ദിവസങ്ങളിലാണ് ക്ലാസ്. വ്യായാമമുറകളും മറ്റു പ്രവർത്തനങ്ങൾക്കും പുറമെ, അവയുടെ ഫലം പ്രതിഫലിപ്പിക്കാൻ ചോദ്യോത്തരവേളയുമുണ്ട്. മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെയും ആറു മുതൽ എട്ടുവരെ ക്ലാസുകളിലെയും കുട്ടികളെ ഉൾപ്പെടുത്തിയുള്ള അടുത്ത ഘട്ടങ്ങളിൽ സ്വയംപ്രകടനത്തിനും സ്വാഭാവത്തിലെ മാറ്റങ്ങൾക്കനുസരിച്ചുമുള്ള വിവിധ പ്രവർത്തനങ്ങളാണ് പ്രധാനം. ഇങ്ങനെ, ഓരോ വിദ്യാർഥികളുടെയും പ്രായത്തിനനുസരിച്ച് അവരുടെ കഴിവുറ്റ വളർച്ച അടയാളപ്പെടുത്താനുള്ളതാണ് ഹാപ്പിനസ് പദ്ധതി.

ശ്രദ്ധ, വിമർശനാത്മക ചിന്ത, ആത്മാവിഷ്കാരം, സാമൂഹിക-വൈകാരികശേഷി, ആത്മവിശ്വാസം എന്നിവ ഉറപ്പാക്കലാണ് ലക്ഷ്യം. സമ്മർദവും ആശങ്കയും കുറച്ച് മികച്ച ആശയവിനിമയശേഷി, കരുണ, സന്തോഷമുള്ള വ്യക്തിത്വം എന്നിവയുള്ളവരാക്കി വിദ്യാർഥികളെ വാർത്തെടുക്കാൻ വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ് ഹാപ്പിനസ് കരിക്കുലം. ഉത്തരവാദിത്വം, വ്യക്തി-പരിസരശുചിത്വം എന്നിവയിൽ ബോധമുള്ളവരായി പുതിയ തലമുറയെ വളർത്തിയെടുക്കലുമാണ് ലക്ഷ്യം.

പശ്ചാത്തലം

2018-ൽ പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടാണ് ഇത്തരമൊരു ആശയത്തിനുള്ള തുടക്കം. ലോകത്തെ 155 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ സന്തോഷത്തിൽ 133-ാം റാങ്കിലാണ് ഇന്ത്യയെന്ന് വിലയിരുത്തി. ഉത്തരവാദിത്വമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്‌ വലിയപങ്കുണ്ടെന്ന് എ.എ.പി. സർക്കാർ തിരിച്ചറിഞ്ഞു. 2018 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഹാപ്പിനസ് കരിക്കുലം പദ്ധതി ജൂലായിൽ നടപ്പാക്കിത്തുടങ്ങി. സാക്ഷരത, ആശയവിനിമയം, കല എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പാഠ്യപദ്ധതി തയ്യാറാക്കി.

പ്രതിഫലനം

സർക്കാർ സ്കൂളുകളിലെ പഠനാന്തരീക്ഷം മെച്ചപ്പെട്ടു. പഠനത്തിൽ അധ്യാപകരുടെ മാത്രമല്ല, അധ്യാപക-രക്ഷാകർതൃ സമിതികളുടെ പങ്കാളിത്തവും കാര്യക്ഷമമാക്കി. ഇതോടെ, സർക്കാർ സ്കൂളുകളുടെ നിലവാരംഉയർന്നു. ഞങ്ങൾ മെലാനിയ ട്രംപിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. - ഡൽഹിയിലെ ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥിനി മാധ്യമങ്ങളോട്‌ പ്രതികരിച്ചത് ഇങ്ങനെ. ഇതു തന്നെ, ആത്മവിശ്വാസത്തിന്റെ തെളിവെന്ന് അധ്യാപകർ. പഠനത്തിലുള്ള തന്റെ ശ്രദ്ധ വർധിച്ചെന്ന് ഒരു വിദ്യാർഥിനി അനുഭവം പറഞ്ഞു.

ആദ്യമൊക്കെ ക്ലാസ് ടീച്ചറെ ചെന്നുകാണാൻ പേടിയായിരുന്നു. ഇപ്പോഴതു മാറി. സ്വതന്ത്രമായി സംസാരിക്കാൻ എനിക്കു സാധിക്കുന്നു. - മദൻഗീറിലെ സർവോദയ വിദ്യാലയത്തിലെ ജതിൻ കുമാർ എന്ന വിദ്യാർഥി തന്റെ അനുഭവം വിവരിച്ചതിങ്ങനെ. പഠിക്കുന്നതോർത്ത് വിഷമംതോന്നുമ്പോൾ സ്കൂളിൽ പഠിപ്പിച്ചുതന്ന വ്യായാമമുറ ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് മറ്റൊരു വിദ്യാർഥിയും തുറന്നു പറഞ്ഞു.

വിദ്യാർഥികളുടെ സ്വഭാവത്തിൽ തന്നെ ഏറെ മാറ്റമുണ്ടായെന്ന് അധ്യാപകരുടെ സാക്ഷ്യം. എന്തെങ്കിലും നൽകിയാൽ നന്ദി പ്രകടിപ്പിക്കും. തെറ്റുചെയ്താൽ ക്ഷമചോദിക്കും. ഇങ്ങനെ, പെരുമാറ്റത്തിൽത്തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനായി. - അവർ പറഞ്ഞു.