ന്യൂഡൽഹി: കോവിഡ് കുതിച്ചുയർന്ന് പ്രാണവായുവില്ലാതെ ശ്വാസം മുട്ടുന്ന തലസ്ഥാനവാസികൾക്ക് സഹായഹസ്തം നീട്ടി കേരളം. ഓക്‌സിജനുണ്ടെങ്കിൽ നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹിയിലെ മലയാളി സംഘടനകളുടെയും അഭ്യർഥന മാനിച്ചാണ് കേരള സർക്കാരിന്റെ സഹായം.

ഡൽഹിക്കു വേണ്ടി ഓക്സിജൻ നൽകാൻ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ‘മാതൃഭൂമി’യോടു പറഞ്ഞു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂർവമായ നിലപാടെടുത്തിരുന്നു.

എന്നാൽ, ഓക്‌സിജൻ നൽകാൻ കേരളം സന്നദ്ധമാണെങ്കിലും അതു ഡൽഹിയിലെത്തിക്കലാണ് തങ്ങൾക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് വി.പി.ജോയ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഡൽഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടർചർച്ചകൾ നടത്തും.

അരവിന്ദ് കെജ്‌രിവാളിന്റെ കത്തു ലഭിച്ചയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഓക്സിജൻ ലഭ്യമാക്കാനുള്ള സാധ്യതകൾ ആരായണമെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.

ചീഫ് സെക്രട്ടറിതല ചര്‍ച്ച പുരോഗമിക്കുന്നു. കോവിഡ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് ഭീതിയുള്ള ഡൽഹിയിൽ ഓക്‌സിജൻ ലഭ്യമാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഡൽഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തിൽ ജനസംസ്‌കൃതി അഭ്യർഥിച്ചു.

ഇതിനു പിന്നാലെ, മലയാളിക്കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർക്ക് ഞായറാഴ്ച കത്തയച്ചു. ഡൽഹിക്ക് അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ചതായി സംഘടനയുടെ പ്രസിഡന്റ് ദീപ ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള മറുപടി ഇ-മെയിലിൽ ലഭിച്ചു. ഇതിനു പുറമേ, ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതായും ദീപ അറിയിച്ചു.

content highlights: Kerala to supply medical oxygen to Delhi