ന്യൂഡല്‍ഹി: അറുപതു പിന്നിടുന്ന കേരളത്തോളം വയസ്സുള്ള ഒരു വിദ്യാലയമുണ്ട്, പ്രവാസി മലയാളികള്‍ക്കായി ഡല്‍ഹിയില്‍. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനെയും തുള്ളല്‍ കലയുടെ അമരക്കാരന്‍ കുഞ്ചന്‍ നമ്പ്യാരെയുമൊക്കെ അടുത്തറിഞ്ഞ് മലയാളത്തിന്റെ മാധുര്യത്തോടൊപ്പം സഞ്ചരിക്കുന്ന കാനിങ് റോഡ് കേരള സ്‌കൂള്‍. തലസ്ഥാനനഗരിയില്‍ അറിവിന്റെ വെളിച്ചം പടര്‍ത്തിയ സ്‌കൂളിന്റെ വാര്‍ഷികാഘോഷം ശനിയാഴ്ച നടക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് രാജേന്ദ്ര മേനോനാണ് മുഖ്യാതിഥി.

ഡല്‍ഹിയില്‍ ജോലിയെടുക്കുന്ന മലയാളികളുടെ മക്കള്‍ക്ക് മാതൃഭാഷയുടെ മാധുര്യവും സംസ്‌കാരവും പകരുകയെന്ന ലക്ഷ്യത്തോടെ 1957-ല്‍ ആരംഭിച്ചതാണ് ഈ സ്‌കൂള്‍. അന്നു ജന്തര്‍മന്ദിറിലെ ചെറിയ ഒരിടത്തു തുടങ്ങിയ സ്‌കൂള്‍ കേരളത്തിന്റെ പ്രഥമമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. 17 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുംമാത്രമേ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. 1960-ല്‍ വിദ്യാലയത്തിനു കപൂര്‍ത്തല പ്ലോട്ടിനോടു ചേര്‍ന്ന് കേരള സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. അങ്ങനെ, യമുനാനദിക്കരയില്‍ കേരളത്തിന്റെ സ്വന്തം വിദ്യാലയം യാഥാര്‍ഥ്യമായി. രത്‌നാ നായരാണ് ആദ്യ പ്രിന്‍സിപ്പല്‍. ആഡംബരങ്ങളൊന്നുമില്ലാതെ അറിവു പകരല്‍മാത്രമായി തുടങ്ങിയ വിദ്യാലയം പിന്നീടു വളര്‍ച്ചയുടെ കൊടുമുടി കയറുന്നതായിരുന്നു ആവേശകരമായ കാഴ്ച. 

ഡല്‍ഹിയിലെ കേരള സ്‌കൂളുകള്‍ കാനിങ് റോഡിനു പുറമേ, വികാസ്പുരി, ആര്‍.കെ. പുരം, മയൂര്‍വിഹാര്‍ ഫെയ്സ് ത്രീ എന്നിവിടങ്ങളിലായി പടര്‍ന്നു പന്തലിച്ചു. അവയ്‌ക്കെല്ലാം കാനിങ് റോഡ് കേരള സ്‌കൂളായിരുന്നു വഴികാട്ടി. കാനിങ് റോഡില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്തത് അമ്മിണിച്ചേട്ടന്‍ എന്നു വിളിക്കപ്പെട്ട ഡോ. കെ.എന്‍.എസ്. നായരായിരുന്നു. കൂടാതെ, കെ.ആര്‍.കെ. മേനോന്‍, പി.കെ.എസ്. കുട്ടി, പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള തുടങ്ങിയവരൊക്കെ സ്‌കൂളിന്റെ വളര്‍ച്ചയുടെ പടവുകളില്‍ മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിച്ചു. 
ശാസ്ത്രവും സാഹിത്യവും ചരിത്രവും ഗണിതവുമൊക്കെ പ്രതിധ്വനിക്കുന്ന ഇടനാഴികള്‍, വിദ്യാര്‍ഥികളുടെ ആരവത്താല്‍ മുഖരിതമായ അങ്കണം, ആല്‍ത്തറ, ആല്‍മരം, ചെങ്കല്‍നിറമുള്ള മതിലുകള്‍ തുടങ്ങിയവയൊക്കെ കേരള സ്‌കൂളിനെ കാഴ്ചയില്‍ത്തന്നെ വേറിട്ടതാക്കുന്നു. ഇവയ്‌ക്കെല്ലാം പങ്കുവെക്കാനുള്ളത് ഒട്ടേറെ തലമുറകള്‍ പഠിച്ചിറങ്ങിപ്പോയ സമ്പന്നമായ ഭൂതകാലം.

Kerala School
കാനിങ് റോഡ് കേരള സ്‌കൂള്‍

 ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രതിഭകളാണ് കേരള സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. പത്താംക്ലാസ്വരെ ഇവിടെ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തുഞ്ചനെയും കുഞ്ചനെയും മാത്രമല്ല, മലയാളത്തിന്റെ സ്പന്ദനങ്ങളൊക്കെ ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്കു തൊട്ടറിയാം. അങ്ങനെ, ഉത്തരേന്ത്യയില്‍ മറ്റൊരു സംസ്‌കാരത്തില്‍ കഴിയുമ്പോഴും അവര്‍ മാതൃഭാഷാസാന്നിധ്യം നെഞ്ചോടു ചേര്‍ക്കുന്നു. 
അത്യാധുനിക സംവിധാനങ്ങളോടു കൂടിയ സയന്‍സ് ലാബുകള്‍, ക്ലാസുകളിലെ സ്മാര്‍ട്ട് ബോര്‍ഡുകള്‍, മികവുറ്റ ഭാഷാലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെ തലസ്ഥാനത്തെ ഏതൊരു പബ്ലിക് സ്‌കൂളിനെയും വെല്ലുന്ന വിധത്തില്‍ കാനിങ് റോഡ് കേരള സ്‌കൂളിനെ മാറ്റി. ഫിസിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് സയന്‍സ് ലാബുകള്‍. കൂടാതെ, വിവിധ വിജ്ഞാനതലങ്ങളിലേക്ക് വഴി തുറക്കുന്ന 15,000-ത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയാണ് മറ്റൊരു പ്രത്യേകത.

പഠനത്തിനുപുറമേ, പാഠ്യേതര വിഷയങ്ങളിലും ഇവിടത്തെ വിദ്യാര്‍ഥികള്‍ കഴിവുതെളിയിച്ചു. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഇവിടത്തെ വിദ്യാര്‍ഥികള്‍ സാന്നിധ്യമറിയിച്ചു. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ എന്നിവയ്ക്കായി പ്രത്യേകം കളിസ്ഥലങ്ങള്‍ തന്നെയുണ്ട്. ഇവയെല്ലാം നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ നവീകരിക്കുകയും ചെയ്തു. കലാ-കായിക മത്സരങ്ങളില്‍ ഈ വര്‍ഷം സോണല്‍ മത്സരങ്ങളില്‍ 56 സമ്മാനങ്ങള്‍ ഈ കേരള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നേടി. ജില്ലാതലത്തിലാവട്ടെ, 22 സമ്മാനങ്ങളും നേടിക്കഴിഞ്ഞു. ഇങ്ങനെ, പഠനത്തിലും പാഠേത്യര പ്രവര്‍ത്തനങ്ങളിലും പ്രതിഭ തെളിയിക്കുകയാണ് ഇവിടത്തെ വിദ്യാര്‍ഥികളെന്ന് പ്രിന്‍സിപ്പല്‍ കെ.ജി. ഹരികുമാര്‍ പറഞ്ഞു.

ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി നിലവില്‍ 1400 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. എണ്‍പത് അധ്യാപകരുണ്ട്. ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കാന്‍ പ്രത്യേക പ്ലാന്റും സ്‌കൂളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഇനി മുതല്‍ സ്‌കൂളിന്റെ വൈദ്യുതി ആവശ്യം മുഴുവന്‍ സൗരോര്‍ജം വഴി നിറവേറ്റാന്‍ സൗകര്യവും സജ്ജമായിക്കഴിഞ്ഞു. 40 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ ഉത്പാദനത്തിനായി പാനലുകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. ഇതു വൈകാതെ പ്രവര്‍ത്തനക്ഷമമാവും. ഇതോടെ, സമ്പൂര്‍ണ സൗരോര്‍ജശേഷി കൈവരിച്ച വിദ്യാലയമെന്ന നേട്ടത്തിലേക്ക് ചുവടുവെക്കുകയാണ് കാനിങ് റോഡ് കേരള സ്‌കൂള്‍. പുല്‍ത്തകിടിയില്‍ പച്ചപ്പണിഞ്ഞ മൈതാനവും വേദിയുമൊക്കെയാണ് സ്‌കൂളിന്റെ ഏറ്റവുമൊടുവിലത്തെ വികസനക്കാഴ്ചകള്‍.
 
മദ്യം, ലഹരി തുടങ്ങിയ വിപത്തുകളിലേക്ക് വിദ്യാര്‍ഥികള്‍ വഴി തെറ്റാതിരിക്കാന്‍ നിരന്തര ബോധവത്കരണത്തിനായി ശില്‍പ്പശാലകളും നടത്തിവരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ക്ലാസ് മുറികളും സി.സി.ടി.വി. വലയത്തിലായിക്കഴിഞ്ഞു. കേരളത്തിലേതുപോലെ പ്രവേശനോത്സവം നടത്തിയാണ് ഈ വിദ്യാലയത്തിലെയും അധ്യയന വര്‍ഷാരംഭമെന്നതാണ് മറ്റൊരു സവിശേഷത.