ന്യൂഡല്‍ഹി: പൊതുജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുകാട്ടി ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കത്തയച്ചു.

പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ 11 വരെ മന്ത്രിമാരും ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളെ കാണണമെന്ന് കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയത്ത് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാന്‍ ജനങ്ങള്‍ക്ക് അനുമതിയുടെ ആവശ്യമില്ല. സര്‍ക്കാരിനെ ജനങ്ങളുമായി കൂടുതലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു തുടക്കംകുറിച്ചത്.

അനുമതിയില്ലാതെതന്നെ ഉദ്യോഗസ്ഥരെ കാണാമെന്ന ബോര്‍ഡ് മുറിക്ക് പുറത്തു സ്ഥാപിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കണം. ഇത്തരം ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതുമായിരിക്കും.

എം.സി.ഡി. തിരഞ്ഞെടുപ്പിലും രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് ഭരണകക്ഷിയായ എ.എ.പി. കാഴ്ചവെച്ചത്. ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ അകന്നു പോയതായി ആരോപണം ഉയര്‍ന്നിരുന്നു. കെജ്രിവാളും കൂട്ടരും ഡല്‍ഹിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിക്കാര്‍ക്കിടയില്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി തുടങ്ങിയത്. ജനങ്ങള്‍ക്ക് പരാതിപറയാനും മറ്റും മുന്‍കൂര്‍ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും നേരിട്ടു കാണാമെന്നതാണ് ഇതിന്റെ മെച്ചം.