ന്യൂഡൽഹി: ജമ്മു-കശ്മീർ വിഭജനത്തെ അപ്രതീക്ഷിതമായി എ.എ.പി. പിന്തുണച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാനെന്ന് സൂചന. ദേശീയത എന്ന മേമ്പൊടിയിൽ മോദിസർക്കാർ ജമ്മു-കശ്മീർവിഭജനം നടപ്പാക്കിയപ്പോൾ അതിനെ എതിർക്കുന്നത് തങ്ങൾ ദേശതാത്‌പര്യത്തിന് എതിരേ നിൽക്കുന്നവരാണെന്ന പ്രചാരണം ഉയർന്നേക്കുമെന്നാണ് എ.എ.പി.യുടെ ഭീതി. രാഷ്ട്രീയചലനങ്ങളുടെ പ്രഭവകേന്ദ്രമായ ഡൽഹിയിൽ അത്തരമൊരു പ്രചാരണത്തിൽ തങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിലാണ് മോദിസർക്കാരിനെ പിന്തുണയ്ക്കാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ മനംമാറ്റമെന്നും അറിയുന്നു.
ഡൽഹിക്കു പൂർണസംസ്ഥാനപദവി ആവശ്യപ്പെട്ടു പ്രക്ഷോഭരംഗത്തുള്ള കെജ്‌രിവാളിന് എങ്ങനെ കശ്മീരിനെ കേന്ദ്രഭരണമാക്കുന്നതിനെ അനുകൂലിക്കാനാവുമെന്നാണ് ഉയർന്നുവന്ന ചോദ്യം. ഇതിനുള്ള വിശദീകരണവുമായി എ.എ.പി. തിങ്കളാഴ്ച വൈകീട്ടോടെ രംഗത്തെത്തി. ഡൽഹിയിൽനിന്നും തികച്ചും വ്യത്യസ്തമാണ് കശ്മീരിലെ സാഹചര്യമെന്നും രണ്ടിടങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്നും എ.എ.പി. വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. യഥാർഥ കശ്മീരിന്റെ മൂന്നിൽ രണ്ടുഭാഗവും ചൈനയുടെയും പാക്കിസ്താന്റെയും വരുതിയിലാണ്. സംഘർഷഭരിതമായ അതിർത്തിസംസ്ഥാനത്തെയും സമാധാനംനിറഞ്ഞ ഡൽഹിയെയും താരതമ്യപ്പെടുത്താനാവില്ല. കേന്ദ്രസർക്കാരിന് എപ്പോഴും വിഷയാധിഷ്ഠിത പിന്തുണ നൽകിയ പാർട്ടിയാണ് എ.എ.പി. രാജ്യതാൽപര്യവും പൊതുതാത്‌പര്യവുമുള്ള നയങ്ങളെ എന്നും തങ്ങൾ പിന്തുണച്ചിരുന്നു. ശുചിത്വഭാരതപദ്ധതി മോദി സർക്കാർ നടപ്പാക്കിയപ്പോൾ ആദ്യം പിന്തുണച്ചത് ഡൽഹി സർക്കാരാണെന്നും പ്രത്യേക ഹെൽപ് ലൈനൊക്കെ തുടങ്ങിയെന്നും കേന്ദ്രത്തെ നേരത്തെയും പിന്തുണച്ചതിന് എ.എ.പി. ഉദാഹരണങ്ങൾ നിരത്തി.
ജമ്മു-കശ്മീർ, ഇടതുതീവ്രവാദം എന്നീ വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുക്കണമെന്ന് നേരത്തെതന്നെ പാർട്ടിയിൽ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടെന്ന് എ.എ.പി. വൃത്തങ്ങൾ വ്യക്തമാക്കി. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പാർട്ടി വിട്ടത് ഇത്തരമൊരു ആശയതർക്കത്തിലായിരുന്നു. കശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് പണ്ട് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടപ്പോൾ എ.എ.പി. അകലം പാലിക്കുകയും ചെയ്തു.
ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ ജമ്മു-കശ്മീർ ബില്ലിനെ എതിർത്താൽ ദേശവിരുദ്ധപട്ടം ചാർത്തിക്കിട്ടുമെന്നാണ് എ.എ.പി.യുടെ ആശങ്ക. ദേശീയതയുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ വിരുദ്ധനിലപാടെടുത്താൽ അതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഒരു പ്രമുഖ നേതാവ് അഭിപ്രായപ്പെട്ടു. അതേസമയം, ഇപ്പോഴത്തെ നിലപാട് കെജ്‌രിവാളിന്റേതാണെന്നും അഭിപ്രായമുണ്ട്. ജമ്മു-കശ്മീരിൽ വികസനം വരുന്നതിനെ എന്നും പാർട്ടി അനുകൂലിച്ചിട്ടുണ്ടെന്ന് മറ്റൊരു നേതാവ് പ്രതികരിച്ചു.
ഇന്ത്യയുടെ ഭാഗമാണ് കശ്മീരെന്നും സ്വന്തം വികസനം നിശ്ചയിക്കാൻ തീരുമാനമെടുക്കാനാവുന്ന വിധത്തിൽ അവിടുത്തെ ജനതയ്ക്ക് അധികാരമുണ്ടാവണമെന്നും 2014-ലെ പ്രകടനപത്രികയിൽ എ.എ.പി നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തോട് വിട്ടുവീഴ്ച പാടില്ലെന്നും പാർട്ടി പ്രഖ്യാപിച്ചു.