ന്യൂഡൽഹി: കൂറുമാറ്റ നിയമമനുസരിച്ച് അയോഗ്യനാക്കിയതിനെതിരേ എ.എ.പി. വിമതനേതാവ് കപിൽ മിശ്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഈമാസം രണ്ടിനാണ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ കപിൽമിശ്രയെ അയോഗ്യനാക്കിയത്.
ബി.ജെ.പി. നേതാക്കൾക്കൊപ്പം മിശ്ര വേദി പങ്കിട്ട കഴിഞ്ഞ ജനുവരി 27-മുതൽ അയോഗ്യത പ്രാബല്യത്തിൽവന്നതായും സ്പീക്കർ പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുംവേണ്ടി മിശ്ര പ്രചാരണം നടത്തിയത് എ.എ.പി. യിലെ അംഗത്വം ഉപേക്ഷിച്ചതിനുള്ള തെളിവാണെന്നും സ്പീക്കർ പറഞ്ഞു. എ.എ.പി. എം.എൽ.എ. സൗരഭ് ഭരദ്വാജ് നൽകിയ പരാതിയിലാണ് മിശ്രയെ സ്പീക്കർ അയോഗ്യനാക്കിയത്.
സ്പീക്കറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും ഉത്തമവിശ്വാസമില്ലാതെ കൈക്കൊണ്ടതുമാണെന്ന് മിശ്ര ആരോപിച്ചു. താൻ സ്വമേധയാ പാർട്ടിവിട്ടെന്ന അനുമാനത്തിലാണ് സ്പീക്കറുടെ നടപടി. ബജറ്റ് സമ്മേളനത്തിൽ പാർട്ട് വിപ്പ് അനുസരിച്ചാണ് താൻ സഭയിൽ പ്രവർത്തിച്ചത്. സർക്കാർ കൊണ്ടുവന്ന മുഴുവൻ ബില്ലുകൾക്കും പ്രമേയങ്ങൾക്കും താൻ പിന്തുണ നൽകിയതായും മിശ്ര പറഞ്ഞു.