ന്യൂഡല്‍ഹി: 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' -ഗാനഗന്ധര്‍വന്റെ സ്വനതന്ത്രിയില്‍ ഒഴുകിയെത്തിയ ഈ ഗുരുവാക്യം അനശ്വരമന്ത്രത്തിന്റെ ഈണമായി. ഇന്ദ്രപ്രസ്ഥം ഒരിക്കല്‍ കൂടി കേട്ട ആ സ്വരസൗഭഗത്തില്‍ സാക്ഷാത്കരിക്കപ്പെട്ടതായിരുന്നു വിഷുത്തലേന്നത്തെ നഗരസന്ധ്യ. ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ നേതൃത്വത്തില്‍ വിവിധ മലയാളി സംഘടനകള്‍ സംയുക്തമായി കെ.ജെ. യേശുദാസിന് നല്‍കിയ സ്വീകരണമായിരുന്നു വേദി. പദ്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തിയതായിരുന്നു അദ്ദേഹം.

ഗാനഗന്ധര്‍വന്റെ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു മുഖ്യാതിഥിയായ ലോക്‌സഭാ സ്​പീക്കര്‍ സുമിത്ര മഹാജന്റെ പ്രസംഗം. കേരളത്തില്‍ മാത്രമല്ല, തന്റെ അനശ്വരഗാനങ്ങളിലൂടെ ഉത്തരേന്ത്യയിലും പ്രശസ്തനാണ് യേശുദാസെന്ന് സ്​പീക്കര്‍ പറഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നു. അതു ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടു മാത്രമല്ല. ശ്രീനാരായണ ഗുരുവിനെയും യേശുദാസിനെയും പോലുള്ളവരുടെ ജന്മം കൊണ്ടു കൂടിയാണ് കേരളത്തിനുള്ള ഈ പ്രശസ്തിയെന്നും സുമിത്ര മഹാജന്‍ അഭിപ്രായപ്പെട്ടു.

യേശുദാസിന് ലഭിച്ചതോടെ പത്മ പുരസ്‌കാരത്തിന്റെ മൂല്യം തന്നെ വര്‍ധിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. യേശുദാസിനു പുറമേ, പദ്മ പുരസ്‌കാരം നേടിയ സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍, പ്രവാസി സമ്മാന്‍ നേടിയ വി.കെ. രാജശേഖരന്‍ പിള്ള എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. റിച്ചാര്‍ഡ് ഹേ എം.പി., പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള, എന്‍. അശോകന്‍, എഫ്. പ്രസന്നന്‍ പിള്ള, ജി. ശ്രീദത്തന്‍ തുടങ്ങിയവരും സംസാരിച്ചു. വിജയ് യേശുദാസ്, കമാല്‍ സാബ്രി, ശിവാനി കശ്യപ്, ശങ്കര്‍ സാഹ്നി എന്നിവര്‍ അണിനിരന്ന സംഗീതസന്ധ്യയുമുണ്ടായിരുന്നു.

ഡി.എം.എ., ജനസംസ്‌കൃതി, കേരള ക്ലബ്ബ്, സ്വരലയ, അന്താരാഷ്ട്ര കഥകളികേന്ദ്രം, എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., കേരള എജുക്കേഷന്‍ സൊസൈറ്റി, ഡല്‍ഹി മലയാളി വിശ്വകര്‍മസഭ, നവോദയം, കേരള മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി, ബാലഗോകുലം, ശ്രീനാരായണകേന്ദ്ര, ത്രികല ഗുരുകുലം, അന്താരാഷ്ട്ര മോഹിനിയാട്ടം അക്കാദമി, ഇന്ദ്രപ്രസ്ഥ കലാക്ഷേത്ര, കൊയിലാണ്ടിക്കൂട്ടം എന്നീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.