ന്യൂഡൽഹി: ഹോസ്റ്റൽഫീസ് വർധന വിഷയത്തിൽ കഴിഞ്ഞ ഒരുമാസത്തിലധികമായി നടക്കുന്ന ജെ.എൻ.യു. വിദ്യാർഥികളുടെ സമരം പരിഹാരം കാണാനാകാതെ അനന്തമായി നീളുന്നു. സർവകലാശാല വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ വ്യാഴാഴ്ച ഹോസ്റ്റൽ പ്രസിഡന്റുമാരുമായി ചർച്ചനടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വി.സി. ചർച്ചയ്ക്ക് തയ്യാറായത്.

പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് പിടിച്ചെടുത്തശേഷം ആദ്യമായി വ്യാഴാഴ്ചയാണ് വി.സി. ഓഫീസിലെത്തിയത്. വി.സി., രജിസ്ട്രാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കാമ്പസിലെത്തിയത്.

ഫീസ് വർധന പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ചർച്ചയിൽ പങ്കെടുത്ത 18 ഹോസ്റ്റൽ പ്രസിഡന്റുമാർ ഉന്നയിച്ചു. മൂന്നു റെക്ടർമാർ, രജിസ്ട്രാർ, ഡീൻ, അസോസിയേറ്റ് ഡീനുമാർ എന്നിവരും പങ്കെടുത്തു. വിഷയത്തിൽ കേന്ദ്ര മാനവശേഷിമന്ത്രി, സെക്രട്ടറി, യു.ജി.സി. ചെയർമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അക്കാദമിക് പ്രവർത്തനം പുനരാരംഭിക്കേണ്ട കാര്യം ബോധ്യപ്പെടുത്തിയതായി വിദ്യാർഥികളെ വി.സി. അറിയിച്ചു. ഫീസ് വർധന, നടപ്പ് സെമസ്റ്റർ നീട്ടുന്ന കാര്യം തുടങ്ങിയവ ഹോസ്റ്റൽ പ്രസിഡന്റുമാരുമായി ചർച്ചചെയ്തു. ജെ.എൻ.യു.വിലെ സ്ഥിതിഗതികൾ സാധാരണനിലയിൽ എത്തിക്കുന്നതിൽ നിർണായകമായ നടപടിയാണ് വിദ്യാർഥികളുമായിനടന്ന വി.സി.യുടെ ചർച്ചയെന്ന് സർവകലാശാല വൃത്തങ്ങൾ പ്രതികരിച്ചു.

അതേസമയം, തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ വി.സി. തയ്യാറായില്ലെന്ന് ഹോസ്റ്റൽ പ്രസിഡന്റുമാർ പ്രസ്താവനയിൽ പറഞ്ഞു. ‘‘ഫീസ് ഉയർത്തിയതിനെ ന്യായീകരിക്കാൻ അധികൃതർ ശ്രമിച്ചു. എന്നാൽ, ഇതിനെ പിന്തുണയ്ക്കാൻ കൂട്ടാക്കിയില്ല. ഒരു രൂപപോലും വിദ്യാർഥികൾ അധികം നൽകില്ലെന്ന് വ്യക്തമാക്കി. സ്വകാര്യവത്കൃതമായ യമുന ഹോസ്റ്റൽ മാതൃക മറ്റുള്ള എല്ലാ ഹോസ്റ്റലുകളിലും ഏർപ്പെടുത്താനാണ് വി.സി.യുടെ ലക്ഷ്യം. അത്തരം നിർദേശങ്ങളെ തള്ളിക്കളഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് ഒത്തുതീർപ്പിനുള്ള നടപടികളൊന്നും ഉണ്ടായില്ല. വി.സി.യോട് ഞങ്ങൾ കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ചർച്ച അവസാനിപ്പിച്ച് മടങ്ങി’’ -അവർ പ്രസ്താവനയിൽ പറഞ്ഞു.

സെമസ്റ്റർ പരീക്ഷകൾ നിർത്തിവെക്കുന്നതു സംബന്ധിച്ച് ഡീൻമാർ, പ്രത്യേക കേന്ദ്രങ്ങളുടെ ചെയർപേഴ്‌സൺമാർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചവരുടെ യോഗം നടത്താൻ അധികൃതർ തീരുമാനിച്ചു. അതേസമയം, സെമസ്റ്റർ പരീക്ഷയുടെ ആദ്യദിവസമായ വ്യാഴാഴ്ച വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു.