ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല കാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ മർദിച്ച ഡൽഹി പോലീസിനെതിരേ കോടതിയിൽ പരാതി നൽകുമെന്ന് വൈസ് ചാൻസലർ നജ്മ അക്തർ. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വി.സി. പറഞ്ഞു. തിങ്കളാഴ്ച ജാമിയ വിദ്യാർഥികൾ വൈസ് ചാൻസലറെ ഉപരോധിക്കുകയും ഡൽഹി പോലീസിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വിശദീകരണം നൽകാൻ നജ്മ അക്തർ തയ്യാറായത്. പോലീസ് കാമ്പസിൽ പ്രവേശിച്ചത് തന്റെ അറിവോടെയല്ലെന്ന് വി.സി. പറഞ്ഞു. പോലീസിനെതിരേ കോടതിയെ സമീപിക്കാനുള്ള നടപടികൾ ചൊവ്വാഴ്ചതന്നെ ആരംഭിക്കും. കാമ്പസിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മിഷൻ ഒരുതവണ കാമ്പസിലെത്തി. പരിക്കേറ്റ വിദ്യാർഥികളുടെ മൊഴിയെടുക്കാൻ കമ്മിഷൻ ചൊവ്വാഴ്ച വീണ്ടുമെത്തുമെന്നും വി.സി. വ്യക്തമാക്കി.

രാവിലെ നൂറുകണക്കിന് വിദ്യാർഥികളാണ് വൈസ് ചാൻസലറെ ഉപരോധിച്ചത്. പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്തെത്തിയ വിദ്യാർഥികൾ വി.സി.ക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധം ശക്തമായതോടെ ഓഫീസിൽനിന്ന് പുറത്തെത്തിയ വി.സി. വിദ്യാർഥികളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർവകലാശാല പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച സർവകലാശാലയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി., പി.സി. വിഷ്ണുനാഥ് എം.എൽ.എ. എന്നിവരാണ് എത്തിയത്. ഇവർക്കൊപ്പം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ദേശീയ ഖജാൻജി പി.വി. അബ്ദുൾ വഹാബ് എം.പി. എന്നിവരും ഉണ്ടായിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസം 15-നാണ് ഡൽഹി പോലീസ് കാമ്പസിനകത്ത് കടന്ന് വിദ്യാർഥികൾക്കുനേരെ ലാത്തിച്ചാർജ് നടത്തിയത്. ലാത്തിച്ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിഷയത്തിൽ സർവകലാശാലയ്ക്ക് മുമ്പിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Content Highlights: Jamila Milia VC says, will approach Court against Delhi Police