ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ സമരംനടത്താൻ അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന്‌ ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ്‌ തിവാരി. പ്രതിഷേധിക്കുന്നവർക്ക്‌ രാജ്യത്തുനിന്ന്‌ പുറത്തുപോകേണ്ടിവരുമെന്നും അദ്ദേഹം ചൊവ്വാഴ്ച മുന്നറിയിപ്പ്‌ നൽകി.

‘രാജ്യത്ത്‌ ജനിച്ച പൗരൻമാർക്ക്‌ പേടിക്കേണ്ടതില്ല. എന്നാൽ, ഇന്ത്യയിലെ പൗരൻമാർ അല്ലാത്തവർ ആദ്യത്തെ തീവണ്ടിപിടിച്ച്‌ രാജ്യംവിടണം. ഇക്കാര്യം ഷഹീൻ ബാഗിലും മറ്റിടങ്ങളിലും പ്രതിഷേധിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു’- തിവാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്‌ലിങ്ങൾ അടക്കമുള്ള ഇന്ത്യൻ പൗരൻമാർക്ക്‌ പൗരത്വനിയമഭേദഗതി കാരണം ഒരു പ്രശ്നവുമുണ്ടാകില്ലെന്ന്‌ ബി.ജെ.പി.യും കേന്ദ്ര സർക്കാരും നിരന്തരം പറയുന്നുണ്ടെന്ന്‌ തിവാരി ചൂണ്ടിക്കാട്ടി. പാകിസ്താൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷക്കാർക്ക്‌ പൗരത്വം നൽകും. എന്നാൽ, അനധികൃത കുടിയേറ്റക്കാർ രാജ്യംവിടണം. അനധികൃത കുടിയേറ്റക്കാർ പ്രതിഷേധം നടത്തുന്നത്‌ തങ്ങൾക്ക്‌ ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും ബി.ജെ.പി. ഡൽഹി അധ്യക്ഷൻ വ്യക്തമാക്കി.

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക്‌ സമീപത്തെ ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൗരത്വനിയമത്തിനെതിരേ പ്രതിഷേധം നടക്കുകയാണ്‌. ഇതുകാരണം തെക്കുകിഴക്കൻ ഡൽഹിയുടെ വിവിധഭാഗങ്ങളെ നോയ്‌ഡയുമായി ബന്ധിപ്പിക്കുന്ന കാളിന്ദികുഞ്ച്‌ റോഡ്‌ അടച്ചിരിക്കുകയാണ്‌. ഇതേത്തുടർന്ന്‌ ഡൽഹിക്കും നോയ്‌ഡയിലും ഇടയിൽ രൂക്ഷമായ ഗതാഗതപ്രതിസന്ധിയാണ്‌ അനുഭവപ്പെടുന്നത്‌. ഡി.എൻ.ഡി. മേൽപ്പാതയുൾപ്പെടെയുള്ള അനുബന്ധ റോഡുകളിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌.

Content Highlights: Illegal immigrants can't be allowed to protest CAA, they will have to leave: Manoj Tiwari