ന്യൂഡല്‍ഹി: കൊണാട്ട്‌പ്ലേസിലെ ബാബ ഖഡക് സിങ് മാര്‍ഗില്‍ ദേശീയ പിന്നാക്കവികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഹുനാര്‍ ഹാട്ടില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് കേരളത്തിന്റെ രുചിപ്പെരുമ. മലയാളത്തിന്റെ തനതുവിഭവങ്ങളുമായി രണ്ടു കുടുംബശ്രീ യൂണിറ്റുകള്‍ േമളയില്‍ ഭക്ഷണശാലയൊരുക്കി. എഫ്- ത്രീ സ്റ്റാളില്‍ വയനാട് കല്‍പ്പറ്റ വേങ്ങപ്പള്ളി പഞ്ചായത്തിലെ ഒരുമ കുടുംബശ്രീയും എഫ് 24-ാം നമ്പര്‍ സ്റ്റാളില്‍ എറണാകുളം പഴങ്ങനാട് കിഴക്കമ്പലത്തെ മേഘ കുടുംബശ്രീയും രുചിക്കൂട്ടൊരുക്കുന്നു.

കപ്പ-മീന്‍കറി, ചിക്കന്‍ ബിരിയാണി, ചിരട്ടപ്പുട്ട്, പഴംപൊരി, പരിപ്പുവട, സുഖിയന്‍, നാടന്‍ ചോറ് തുടങ്ങിയവ തത്സമയം പാകംചെയ്ത് വിളമ്പുന്നതാണ് മേഘ കുടുംബശ്രീസ്റ്റാള്‍. നാടന്‍ രുചിക്കൂട്ടില്‍ പാകം ചെയ്ത രണ്ടുതരം മീന്‍കറികള്‍ ഇവിടെകിട്ടും. കൂടാതെ, മുളയരിപ്പായസവും അടപ്രഥമനുമൊക്കെ മലയാളികളെ മാത്രമല്ല, ഉത്തരേന്ത്യക്കാര്‍ക്കും പ്രിയമേറുന്നു. മീന്‍, െചമ്മീന്‍, കാന്താരി മുളക്, കുരുമുളക്, ചെറുനാരങ്ങ, പാവയ്ക്ക തുടങ്ങിയവകൊണ്ടുള്ള 124 തരം അച്ചാറുകളുണ്ട്. രുചിയേറുന്ന ഹല്‍വകളും മേഘ കുടുംബശ്രീയിലെ മിജയും ഭര്‍ത്താവ് തോമസും മേളയിലെ സന്ദര്‍ശകര്‍ക്കായി പ്രത്യേകംതയ്യാറാക്കി.

ഒരുമ കുടുംബശ്രീ സ്റ്റാളില്‍ പുട്ടും സാമ്പാറും മീന്‍കറിയുമൊക്കെ ലഭിക്കും. ചിക്കന്‍ ബിരിയാണി, മുട്ട ബിരിയാണി, ദോശയും ചമ്മന്തിയും മസാല ദോശ, നെയ്പത്തിരി തുടങ്ങിയവയാണ് രുചിയേറുന്ന മറ്റു വിഭവങ്ങള്‍. അഷ്‌റഫ്, തുളസി വിനോദ്, ലൈല, ഖദീജ, ഭാര്‍ഗവി, ആയിഷ എന്നിവര്‍ചേര്‍ന്ന് ഈ സ്റ്റാളില്‍ വിഭവങ്ങളൊരുക്കുന്നു. ദിവസവുംരാവിലെ 11 മുതല്‍ രാത്രി ഒമ്പതരവരെയുള്ള മേള 26-ന് സമാപിക്കും.