ന്യൂഡൽഹി: നിറങ്ങളുടെ ആഘോഷമായ ഹോളി വ്യാഴാഴ്ച അരങ്ങേറും. ആഘോഷം സുഗമമായി നടത്താൻ ഡൽഹി പോലീസ് ശക്തമായി രംഗത്തുണ്ട്. ആളുകളുടെ നേർക്ക് വെള്ളംനിറച്ച ബലൂണുകൾ എറിയുന്നതും ബലമായി കളർപ്പൊടികൾ തേക്കുന്നതും പാടില്ലെന്ന് പോലീസ് അറിയിച്ചു.

നിരീക്ഷണത്തിനായി വനിതാ പോലീസിന്റെ 50 സംഘങ്ങളുൾപ്പെടെ 30,000 പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു. ക്രമസമാധാനപ്രശ്നത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തര പ്രതികരണ വാഹനങ്ങൾ പട്രോളിങ്ങിനുണ്ടാവും. കൂടാതെ ഡി.സി.പി., എ.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തും.

സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസിന്റെ പ്രത്യേക സംഘങ്ങൾ. നഗരത്തിൽ സ്ത്രീകളും വിദ്യാർഥിനികളും കൂടുതലുള്ള 34 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. രണ്ടിഞ്ചിൽ കൂടുതൽ വലിപ്പമുള്ള റബർ ബലൂണുകളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗതനിയന്ത്രണവും പോലീസ് ഏർപ്പെടുത്തി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘങ്ങളുണ്ടാവും. ഡൽഹി മെട്രോ ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷവും അക്വാ മെട്രോ രണ്ടിനുശേഷവും മാത്രമേ സർവീസ് ആരംഭിക്കൂ.

ആഘോഷിക്കാം കരുതലോടെ

കളർപ്പൊടികളിൽ മുങ്ങിക്കുളിച്ച് ഹോളി ആഘോഷിക്കുമ്പോൾ കരുതൽ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാവുന്നതാണ് വിവിധ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന പൊടികൾ. ക്രോമിയം അടങ്ങിയിരിക്കുന്ന പർപ്പിൾ പൊടി ആസ്മ, അലർജികൾ എന്നിവയ്ക്ക് ഇടയാക്കും. അലർജിയുണ്ടാക്കുന്നതാണ് നീലപ്പൊടി. ചർമത്തിൽ ചൊറിച്ചിൽ, കണ്ണ് ചുവയ്ക്കൽ, കാഴ്ചയ്ക്ക് താത്കാലിക പ്രശ്‌നം തുടങ്ങിയവയിലേക്ക് ചുവപ്പ് പൊടി വഴിയൊരുക്കും. ഈയം ഉൾപ്പെട്ട കറുപ്പ് പൊടി ശരീരത്തിനുള്ളിൽ കടന്നാൽ വൃക്കയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ണിൽ അലർജി, തടിച്ചുചുവക്കൽ എന്നിവയ്ക്ക് ചെമ്പ് അടങ്ങിയ പച്ചപ്പൊടിയും ചർമം, കണ്ണ്, ശ്വാസകോശം എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കാൻ അലൂമിനിയമടങ്ങിയ സിൽവർ പൊടിയും വഴിയൊരുക്കും. ആഘോഷത്തിനൊരുങ്ങും മുൻപ് ഏതാനും കാര്യങ്ങൾ ചെയ്താൽ കളർപ്പൊടികൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ക്രീം, ഓയിൽ എന്നിവ ശരീരത്തിൽ പുരട്ടുക. അതുവഴി പൊടി നേരിട്ട് ചർമത്തിൽ പുരളുന്നത് തടയാം. വലിപ്പമുള്ള നേർത്ത കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കണ്ണിൽ പൊടി വീഴുന്നത് ഒഴിവാക്കാൻ കണ്ണട ധരിക്കുക. ആഘോഷം കഴിഞ്ഞശേഷം എത്രയും വേഗം വെള്ളമുപയോഗിച്ച് ശരീരത്തിൽനിന്ന് പൊടി കഴുകിക്കളയണം.

വീര്യമേറിയ സോപ്പുകൾ, ഷാംപുകൾ എന്നിവ ഉപയോഗിക്കരുത്. നിറം കാരണമുണ്ടായ കറകൾ മായ്ക്കാൻ മണ്ണെണ്ണ, പെട്രോൾ, സ്പിരിറ്റ് തുടങ്ങിയവയും ഉപയോഗിക്കാൻ പാടില്ല.