ന്യൂഡല്‍ഹി: സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള മൊബൈല്‍ ആപ്പ് പുതുക്കി ഡല്‍ഹി പോലീസ്. ഹിമ്മത്ത് പ്ലസ് എന്ന പേരിലുള്ള പരിഷ്‌കരിച്ച ആപ്പ് ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പുറത്തിറക്കിയിട്ടുള്ളതാണ് പുതിയ പതിപ്പ്.

ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയുടെയൊക്കെ ക്യുആര്‍ കോഡുകള്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യം ആപ്പിലുണ്ട്. ആദ്യഘട്ടമായി ഡല്‍ഹി വിമാനത്താവളത്തിലും അഞ്ച് മെട്രോ സ്റ്റേഷനുകളിലും ആപ്പ് ഉപയോഗിക്കാം. ആനന്ദ് വിഹാര്‍, വിശ്വവിദ്യാലയ, മാളവ്യനഗര്‍, സാകേത്, നെഹ്‌റു പ്ലേസ് മെട്രോ സ്റ്റേഷനുകളില്‍ ഇറങ്ങിവരുന്ന സ്ത്രീകള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം.

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയാനുള്ള പരിചയാണ് ഹിമ്മത്ത് പ്ലസ് മൊബൈല്‍ ആപ്പെന്നു ലെഫ്. ഗവര്‍ണര്‍ പറഞ്ഞു. അവരെ കൂടുതല്‍ ശാക്തീകരിക്കാന്‍ ഇതുപകരിക്കും. യാത്രയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരാനും ഇതു സഹായിക്കും. നഗരത്തില്‍ മുഴുവനായി ഈ പദ്ധതി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ടാക്‌സികളിലും ഓട്ടോറിക്ഷകളിലും സഞ്ചരിക്കുമ്പോള്‍ അവ സുരക്ഷിതമാണെന്ന് സ്ത്രീകള്‍ക്ക് ഒരു ഉറപ്പുമുണ്ടാവാറില്ല. ഇപ്പോള്‍ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് അത്തരമൊരു ആശങ്കയ്ക്ക് പരിഹാരമാവും-ലെഫ്. ഗവര്‍ണര്‍ പറഞ്ഞു.

അടിയന്തരസുരക്ഷ എന്നതില്‍നിന്ന് നിത്യോപയോഗം എന്ന സൗകര്യത്തിലേക്ക് പരിഷ്‌കരിക്കപ്പെട്ടുവെന്നതാണ് ഹിമ്മത്ത് പ്ലസ്സിന്റെ പ്രത്യേകത. സ്ത്രീകള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് എളുപ്പത്തില്‍ ഈ ആപ്പ് ഡൗണ്‍ലോഡുചെയ്യാം. നേരത്തെ ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റില്‍ പോയി ആപ്പ് പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. ഡല്‍ഹി പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളുമായി ആപ്പിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം അറിയാനാവും.

2015-ല്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് കഴിഞ്ഞവര്‍ഷവും പുതുക്കിയെങ്കിലും സ്ത്രീകള്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന്, ഓഖ്‌ല ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെ ഡല്‍ഹി പോലീസ് പ്രത്യേകസര്‍വെ നടത്തി. ആപ്പിന്റെ ഉപയോഗം സങ്കീര്‍ണമാണെന്നായിരുന്നു സര്‍വെയിലെ വിലയിരുത്തല്‍. രജിസ്‌ട്രേഷന്‍ നടപടി ലളിതമല്ലെന്നും അഭിപ്രായമുണ്ടായി. ഇതു കണക്കിലെടുത്താണ് ആപ്പ് പരിഷ്‌കരിച്ചതെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് അറിയിച്ചു.

വിമാനത്താവളത്തിലെ രണ്ടായിരം ടാക്‌സി ഡ്രൈവര്‍മാരുടെയും ആയിരത്തോളം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തി. ഓരോ ഡ്രൈവര്‍ക്കും പ്രത്യേക ക്യുആര്‍ കോഡുകളും നല്‍കി. അതു വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ബന്ധമാണെന്നും പോലീസ് കമ്മിഷണര്‍ പറഞ്ഞു.


കുറ്റകൃത്യം തടയാന്‍ ടെക്‌നോളജി കൗണ്‍സില്‍

ഡല്‍ഹിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡല്‍ഹി പോലീസില്‍ ടെക്‌നോളജി കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍. കുറ്റകൃത്യം തടയുന്നതില്‍ സാങ്കേതികവിദ്യയുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി വിവിധ തരത്തിലുള്ള ഉള്ളടക്കം നല്‍കാന്‍ വേണ്ടിയാണ് ടെക്‌നോളജി കൗണ്‍സിലെന്നും ഗവര്‍ണര്‍ പറഞ്ഞു.