ന്യൂഡൽഹി: നടനവിസ്മയത്തിന്റെ ചടുലഭംഗിയുമായി ‘മിറക്കിൾ ഓൺ വീൽസി’ന്റെ നൃത്തപരിപാടി അരങ്ങേറി. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്. പുഷ്പവിഹാർ അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു.

പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ, കായംകുളം ബാബു, ഡൽഹിയിലെ അനൂപ് അശോകൻ എന്നിവരുടെ ഗാനപരിപാടിയും നടന്നു. പരിമിതികൾക്കൊന്നും തങ്ങളെ തളച്ചിടാനാവില്ലെന്ന് ഭിന്നശേഷിക്കാരായ കലാകാരന്മാർ തെളിയിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു.

ഭിന്നശേഷിക്കാരോട് സമൂഹത്തിനുള്ള വിവേചനം ഇല്ലാതാക്കണം. അതിനായി സർക്കാരും സമൂഹവും ഒന്നിച്ച് പ്രയത്നിക്കണം. പ്രോത്സാഹനവും സൗകര്യവുമാണ് ഭിന്നശേഷിക്കാർക്ക് വേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പുഷ്പവിഹാർ അയ്യപ്പ സേവാ സമിതിയുടെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Content Highlights:Handicapped peoples Programme Miracle on wheels