ന്യൂഡല്‍ഹി: നഗരത്തില്‍ വീണ്ടും പെണ്‍കുട്ടികളുടെ ദേഹത്തേക്ക് പുരുഷബീജം നിറച്ച ബലൂണ്‍ എറിഞ്ഞെന്ന് പരാതി. ജീസസ് ആന്‍ഡ് മേരി കോളേജിലെ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ആഴ്ച ലേഡി ശ്രീറാം കോളേജിലെ വിദ്യാര്‍ഥിനിക്കും സമാന അനുഭവം നേരിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇരുകോളേജുകളിലെയും വിദ്യാര്‍ഥികള്‍ ഐ.ടി.ഒ.യിലെ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

പെണ്‍കുട്ടികളുടെ സുരക്ഷ ശക്തമാക്കണമെന്നും മോശമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് സാമൂഹികവിരുദ്ധര്‍ ബീജം നിറച്ച ബലൂണുകള്‍ എറിയുന്നത്.

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ദേശീയ വനിതാ കമ്മിഷന്‍ സംഘം ലേഡി ശ്രീറാം കോളേജ് സന്ദര്‍ശിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായെന്ന് വിദ്യാര്‍ഥികള്‍ കമ്മിഷനെ അറിയിച്ചു. കോളേജ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.

കോളേജുകള്‍ക്ക് പരിസരത്തെ പട്രോളിങ് ശക്തമാക്കിയെന്ന് പോലീസ് അറിയിച്ചു. വിവരമറിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പറുകള്‍ വിദ്യാര്‍ഥിനികള്‍ക്ക് കൈമാറിയിട്ടുണ്ട്.

പിന്‍ജ്ര തോഡ് എന്ന സംഘടനയും ബലൂണ്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹോളിയുടെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.