ന്യൂഡൽഹി : കേന്ദ്രം വീഴ്ച വരുത്തിയാലും ഡൽഹി സർക്കാർ നഗരവാസികൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വ്യക്തമാക്കി. കേന്ദ്രം എന്തു ചെയ്യുമെന്നു കാത്തിരിക്കുന്നു. വാക്സിൻ കേന്ദ്രം സൗജന്യമായി നൽകിയില്ലെങ്കിലും ഡൽഹി സർക്കാർ നഗരവാസികൾക്കതു സൗജന്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ സൗജന്യമാക്കണമെന്ന് അദ്ദേഹം കഴിഞ്ഞദിവസം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാക്സിൻ വില കൊടുത്ത് ഉപയോഗിക്കാൻ കഴിയാത്ത ഒട്ടേറെപ്പേരുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് വാക്സിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. എല്ലാ പ്രോട്ടോകോളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് കേന്ദ്രസർക്കാരും ശാസ്ത്രജ്ഞരും കോവിഡ് വാക്സിൻ എത്തിച്ചിട്ടുള്ളത്. അതിനാൽ ജനങ്ങൾക്ക് ഒരുവിധ ആശങ്കയും വേണ്ട. വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ മുന്നോട്ടുവരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഒരു വർഷമായി അവരനുഭവിച്ച വേദനയ്ക്കുള്ള ആശ്വാസമാണ് വാക്സിൻ -മുഖ്യമന്ത്രി പറഞ്ഞു.

വാക്സിൻ വിതരണം നഗരത്തിലെ 89 കേന്ദ്രങ്ങളിലായി ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തിൽ 51 ലക്ഷം പേർക്കു നൽകും. ആരോഗ്യപ്രവർത്തകർ, പ്രതിരോധ പ്രവർത്തകർ, പോലീസുകാർ എന്നിവർക്കു പുറമെ, അമ്പതു വയസ്സിനു മുകളിലുള്ളവരും മുൻഗണനാവിഭാഗത്തിലുണ്ട്. ഓരോരുത്തർക്കും രണ്ടു ഡോസു വീതമാണ് നൽകുക. നഗരത്തിലെ ഒന്നരക്കോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ മുന്നൂറു കോടി രൂപയിലേറെ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ.

സുരക്ഷാക്രമീകരണങ്ങൾ സജ്ജമായി

ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച തുടങ്ങാനിരിക്കേ നഗരം അതീവസുരക്ഷാവലയത്തിൽ. വാക്സിൻ വിവിധ വിതരണകേന്ദ്രങ്ങളിൽ സുരക്ഷിതമായി എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഡൽഹി പോലീസ് അറിയിച്ചു. വിമാനത്താവളത്തിൽനിന്ന്‌ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് സുഗമമായി എത്തിച്ചതു പോലെ വിവിധ വിതരണകേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുമെന്ന് സ്പെഷ്യൽ പോലീസ് കമ്മിഷണർ മുക്തേഷ് ചന്ദർ പറഞ്ഞു. വാക്സിൻ വിതരണം തുടങ്ങിയാൽ എല്ലാവിധ സുരക്ഷയും പോലീസ് ഒരുക്കും. വാക്സിൻ വണ്ടികൾക്ക് പോലീസ് അകമ്പടിയും കാവലുമുണ്ടാവും. നഗരത്തിലെ 89 വിതരണകേന്ദ്രങ്ങൾക്കും മതിയായ സുരക്ഷയൊരുക്കുമെന്നും മുക്തേഷ് ചന്ദർ പറഞ്ഞു.

സംഭരണകേന്ദ്രങ്ങളിലും മതിയായ സുരക്ഷ ഏർപ്പെടുത്തി. പി.സി.ആർ. വാനുകൾക്കും തക്കതായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വാക്സിൻ വിതരണകേന്ദ്രങ്ങളിലും മറ്റും പോലീസ് പട്രോളിങ് ഊർജിതമാക്കും. ഏതുതരം ഫോൺവിളികളോടും കാര്യക്ഷമമായി പ്രതികരിക്കാൻ പോലീസ് കൺട്രോൾ റൂമിൽ നിർദേശം നൽകി. വാക്സിനുമായും വാക്സിൻ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട സന്ദേശങ്ങൾ ഉടനടി പി.സി.ആർ. വാഹനങ്ങൾക്കും ലോക്കൽ പോലീസിനും കൈമാറണം.

വാക്‌സിൻ സൂക്ഷിച്ചിട്ടുള്ള രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ത്രിതല സുരക്ഷയാണ് സജ്ജമാക്കിയിട്ടുള്ളത്. സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതിനു പുറമെ, ആശുപത്രികളിലെ സുരക്ഷാജീവനക്കാരേയും പോലീസുകാരെയുമൊക്കെ സുരക്ഷയ്ക്കായി വിന്യസിച്ചു.

Content Highlights: Free vaccine for all residents of Delhi: Kejriwal