ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ഹരിദ്വാറിൽനിന്ന് ഡൽഹിയിലേക്ക് നടന്ന കർഷക മാർച്ച് കിഴക്കൻ ഡൽഹിയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിൽ മാർച്ച് പോലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബാരിക്കേഡിനുമുകളിലേക്ക് കർഷകർ ട്രാക്ടർ ഓടിച്ചുകയറ്റാൻ ശ്രമിച്ചതിനെത്തുടർന്ന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റു.

ട്രാക്ടറുകളുമായി സമരക്കാർ എത്തിയതോടെ ദേശീയപാത 24-ലും ഒമ്പതിലും ഗതാഗതം തടസ്സപ്പെട്ടു. സൻസദ് മാർഗിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഗാസിപുർ അതിർത്തിയിലും യു.പി. ഗേറ്റിലും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ഗാസിയാബാദിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കോണ്ട്‌ലി വില്ലേജ് റോഡിലൂടെ ആനന്ദ് വിഹാർ വഴി തിരിച്ചുവിട്ടു. കർഷക മാർച്ച് ചൊവ്വാഴ്ച ഡൽഹിയിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി പോലീസ് തിങ്കളാഴ്ചതന്നെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് കിഴക്കൻ ഡൽഹിയിൽ ഈമാസം എട്ടുവരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രീത് വിഹാർ, ജഗത്പുരി, ശകർപുർ, മധു വിഹാർ, ഗാസിപുർ, മയൂർ വിഹാർ, മണ്ഡാവലി, പാണ്ഡവ നഗർ, കല്യാൺപുരി, ന്യൂ അശോക് നഗർ പോലീസ് സ്‌റ്റേഷൻ അതിർത്തികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാഴാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരക്കാരെ ലക്ഷ്യമിട്ട് മൊബൈൽഫോൺ മോഷ്ടാക്കളും

delhi
കര്‍ഷക മാര്‍ച്ചിനു നേരെ
ഗാസിപുറില്‍ പോലീസ്
കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍.

ന്യൂഡൽഹി: ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്ത സമരം മുതലാക്കി മൊബൈൽ ഫോൺ മോഷ്ടാക്കളും. പത്ത് പേരുടെയെങ്കിലും മൊബൈൽ മോഷ്ടിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. ബറൂട്ടിൽനിന്നെത്തിയ ധീരജ് രാഥിയുടെ ഫോണാണ് മോഷണം പോയത്. മൊബൈൽ നഷ്ടപ്പെട്ടവരുടെ പേരും മൊബൈൽ നമ്പറും എഴുതിവാങ്ങിയതായി പോലീസ് പറഞ്ഞു.

കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടണം; പിന്തുണയുമായി കെജ്‌രിവാൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കർഷകരെ ഡൽഹിയിൽ പ്രവേശിപ്പിക്കാത്ത നടപടി തെറ്റാണെന്ന് കെജ്‌രിവാൾ. ഡൽഹി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അവരെ ഡൽഹിയിലേക്ക് കടത്തിവിടണം. തങ്ങൾ കർഷകർക്ക് ഒപ്പമാണെന്നും കെജ്‌രിവാൾ പറഞ്ഞു.

കർഷകർക്കെതിരേയുള്ള നടപടി ന്യായീകരിച്ച് പോലീസ്

ന്യൂഡൽഹി: കർഷക മാർച്ചിനുനേരെ ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും നടത്തിയത് ന്യായീകരിച്ച് ഡൽഹി പോലീസ്. ഡൽഹിയിൽ മാർച്ച് നടത്താനുള്ള അനുമതി നൽകിയിരുന്നില്ല. അനധികൃതമായാണ് ഡൽഹിയിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്നും ഡി.സി.പി. പങ്കജ് കുമാർ പറഞ്ഞു. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ ഗാസിപുരിൽ ബാരിക്കേഡ് വെച്ച് പോലീസ് തടയുകയായിരുന്നു. ട്രാക്ടർ ഉപയോഗിച്ച് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജല പീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. നേതാക്കന്മാർ സർക്കാരുമായി ചർച്ച നടത്തുകയാണെന്നും തീരുമാനം വരുന്നതുവരെ ക്ഷമിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടും ചില സമരക്കാർ അക്രമാസക്തരാകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സമരക്കാരെ പിരിച്ചുവിടാൻ ജലപീരങ്കികളും 20 കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. സംഘർഷത്തിൽ എ.സി.പി. ഉൾപ്പെടെ ഏഴ് പോലീസുകാർക്ക് പരിക്കേറ്റു. കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി 3000 പോലീസുകാരെയാണ് വിന്യസിച്ചിരുന്നതെന്നും പങ്കജ് കുമാർ പറഞ്ഞു.