ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ബി.ജെ.പി. പിടിച്ചെടുക്കുമെന്ന എക്‌സിറ്റ്പോൾ ഫലങ്ങളെച്ചൊല്ലി രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാക്പോര്. വോട്ടെണ്ണലിന് മുമ്പുള്ള ഇത്തരം ഫലങ്ങൾക്ക് എന്ത് സത്യസന്ധതയാണുള്ളതെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ചോദിച്ചു. എന്നാൽ, എക്‌സിറ്റ്പോൾ ഫലങ്ങൾ യാഥാർഥ്യമാവുമെന്ന് ബി.ജെ.പി. ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചുമുതൽ ഏഴുവരെ സീറ്റുകൾ ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് വിവിധ എക്‌സിറ്റ്പോൾ ഫലങ്ങൾ. ഇതാണ് കോൺഗ്രസിനെയും എ.എ.പി.യെും ചൊടിപ്പിച്ചത്.

’’വോട്ടിങ് യന്ത്രങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് ശരിയാണോ ? എവിടെനിന്നാണ് എക്‌സിറ്റ്പോളുകൾക്ക് സ്‌പോൺസർഷിപ്പ് ലഭിക്കുന്നത് ? യു.പി., ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ബംഗാൾ എന്നിവിടങ്ങളിൽ ബി.ജെ.പി. വിജയിക്കുമെന്ന് പറയുന്നു. ആരാണിത് വിശ്വസിക്കുക ? വോട്ടിങ് യന്ത്രങ്ങൾ-വി.വി. പാറ്റ് എന്നിവയിലെ ക്രമക്കേടിന്റെ പേരിൽ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ എല്ലാ പാർട്ടികളും ആവശ്യപ്പെടണം’’- എ.എ.പി. നേതാവ് സഞ്‌ജയ് സിങ് ട്വീറ്റ് ചെയ്തു.

എക്‌സിറ്റ്പോൾ ഫലങ്ങൾ വിശ്വസിക്കാൻ പ്രയാസമേറിയതാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും സീറ്റുകളിലും ബി.ജെ.പി. വിജയിക്കുമെന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ചാന്ദ്‌നിചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി. അഗർവാൾ പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് പരാജയമായിരുന്നു ഈ സംസ്ഥാനങ്ങളിൽ. യഥാർഥ ഫലത്തിൽനിന്ന് വളരെ അകലെയാണ് പ്രവചനങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, എക്‌സിറ്റ്പോൾ പ്രവചനം യഥാർഥ ഫലത്തിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.

എക്‌സിറ്റ്പോൾ പ്രകാരം ഡൽഹിയിലെ എല്ലാ സീറ്റുകളിലും ബി.ജെ.പി. ജയിക്കും. ഇതിന് ഡൽഹിയിലെ ജനങ്ങളോട് തങ്ങൾ നന്ദി പറയുന്നെന്നും തിവാരി വ്യക്തമാക്കി. ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ്പോൾ ഫലപ്രകാരം ബി.ജെ.പി.ക്ക് ആറുമുതൽ ഏഴുസീറ്റുവരെയാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടി.വി.-സി.എൻ.എക്‌സ്. ഫലങ്ങൾ ബി.ജെ.പി. മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്ന് പറയുന്നു. സമാനമാണ് ന്യൂസ് 24-ചാണക്യയുടെയും പ്രവചനം. ബി.ജെ.പി.ക്ക് ആറുമുതൽ ഏഴുവരെ സീറ്റുകൾ കിട്ടുമെന്നാണ് ന്യൂസ് 18-ന്റെ എക്‌സിറ്റ്പോൾ ഫലം.

കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് എക്‌സിറ്റ്പോളുകൾ പറയുന്നത്. എന്നാൽ, കോൺഗ്രസും എ.എ.പി.യും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ മൂന്നുമുതൽ നാലുവരെ സീറ്റുകൾ ലഭിക്കുമായിരുന്നെന്നാണ് എക്‌സിറ്റ്പോളുകളിലെ നിരീക്ഷണം. ബി.ജെ.പി., കോൺഗ്രസ്, എ.എ.പി. എന്നിവർ തമ്മിലുള്ള ത്രികോണമത്സരമായിരുന്നു ഡൽഹിയിൽ. ഏഴു മണ്ഡലങ്ങളിലും പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിരുന്നു.

Content Highlights: Exit poll results, delhi, 2019 Loksabha Elections