ന്യൂഡൽഹി: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിനു കാരണമായി കൂടുതൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് പട്ടിണിയും ലിച്ചിപ്പഴവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തണമെന്നും ദേശീയ ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. എ.ജി. അനീഷ്‌കുമാർ പറഞ്ഞു. ‘മസ്തിഷ്കജ്വരം, വൈറസ്, ലിച്ചി, ദാരിദ്ര്യം’ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡൽഹി ഫോറം സംഘടിപ്പിച്ച സംവാദപരമ്പരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സാമൂഹിക-സാമ്പത്തികസാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് മുസാഫർപുരിൽ നടന്ന മസ്തിഷ്കജ്വര മരണങ്ങളെന്നും ഡോ.അനീഷ്‌കുമാർ അഭിപ്രായപ്പെട്ടു. രോഗം ഗുരുതരമാക്കുന്നതിൽ പട്ടിണി ഒരു കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏറ്റവും കൂടുതൽ ലിച്ചി ഉത്‌പാദിപ്പിക്കപ്പെടുന്ന ജില്ലയാണ് മുസാഫർപുർ. വിശപ്പുള്ള വേളയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയാൻ ലിച്ചിയുടെ വിത്തുകൾ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലിച്ചിയുടെ വർഗത്തിൽപ്പെട്ട ആക്കി പഴം ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുമെന്ന് പഠനങ്ങളുണ്ട്. മുസാഫർപുരിലെ ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചവരിൽ ഏറെയും. ലിച്ചിപ്പഴങ്ങൾ ജ്വരത്തിനു കാരണമായെന്ന് ഒട്ടേറെ വിലയിരുത്തലുകളുണ്ടെങ്കിലും അതാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കാൻ ആധികാരികമായ ഗവേഷണം ആവശ്യമാണെന്നും ഡോ. അനീഷ് പറഞ്ഞു.
വേനലവധിക്കാലത്താണ് രോഗം കൂടിയതെന്നതാണ് ശ്രദ്ധേയം.
സ്കൂൾ സമയത്താണെങ്കിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കും. വേനലവധിക്കാലത്ത് ഉച്ചഭക്ഷണം ലഭിക്കാറില്ല. മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളിൽ ഏറെയും രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഭാവിയിൽ ഒഴിവാക്കാൻ വേനലവധിക്കാലത്ത് രാത്രിഭക്ഷണം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണം.
ഈ വർഷം നൂറിലേറെ കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചു. 2013-ൽ 143 പേർ മുസാഫർപുരിൽ മരിച്ചിരുന്നു. ഇത് 2014-ൽ 355 ആയി ഉയർന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞു. കൊടുംചൂടുള്ള കാലാവസ്ഥയും രോഗത്തിനു കാരണമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1990 മുതൽ മുസാഫർപുരിൽ രോഗബാധയുണ്ടെങ്കിലും 2011-ൽ 43 പേർ മരിച്ച ശേഷം മാത്രമാണ് ഇക്കാര്യത്തിൽ പഠനം നടന്നത്. യു.പി. യിലെ വടക്കു-കിഴക്കൻ ജില്ലകളിലാണ് രോഗബാധ കൂടുതലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: encephalitis fever in Bihar lack preventive measures