ന്യൂഡൽഹി: ആയിരം ലോ ഫ്ളോർ ഇലക്‌ട്രിക് ബസുകൾ വാങ്ങുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച സമഗ്രമായ പദ്ധതി ആറാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജഡ്ജിമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.

സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. സമഗ്രമായ പദ്ധതി സമർപ്പിക്കണം. ഫണ്ടിന്റെ ലഭ്യത, ബസ് ഡിപ്പോകൾക്കുള്ള സ്ഥലം, ബാറ്ററി ചാർജിങ് സ്റ്റേഷനുകൾ, ഇലക്‌ട്രിക് ബസുകളുടെ സ്വഭാവം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രപദ്ധതിയാണ് സമർപ്പിക്കേണ്ടത്. ബസുകൾ വാങ്ങുന്നതിന് തിടുക്കം വേണ്ടെന്ന് സർക്കാരിനെ ഉപദേശിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിനോട് നിർദേശിച്ച ബെഞ്ച്, തിടുക്കമുണ്ടാക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഉപദേശിച്ചു. സമഗ്രമായ പദ്ധതി സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പിങ്കി ആനന്ദ് കോടതിയിൽ ബോധിപ്പിച്ചു.

പാരിസ്ഥിതിക നഷ്ടപരിഹാര ഫണ്ട് ഇലക്‌ട്രിക് ബസുകൾ വാങ്ങുന്നതിന് ഉപയോഗിക്കുമെന്ന സർക്കാർ നിർദേശത്തെയും കോടതി ചോദ്യംചെയ്തു. പ്രത്യേക ലക്ഷ്യത്തോടെയുള്ള ഈ ഫണ്ട് ഉപയോഗിക്കുന്നതിനുപകരം ബജറ്റിൽ നീക്കിവെച്ചിരിക്കുന്ന പണം ഉപയോഗിച്ച് ബസുകൾ വാങ്ങണം. റോഡുകളിലെ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഈ ഗർത്തങ്ങൾ അടയ്ക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

സർക്കാരിന് ബസുകൾ വാങ്ങാം. അതിന് തടസമില്ല. അതിന് ബജറ്റിൽ പറഞ്ഞിരിക്കുന്ന പണം ഉപയോഗിക്കണമെന്ന് ബെഞ്ച് പറഞ്ഞു.

ബസുകൾ വാങ്ങുന്നതിന് ബജറ്റിൽ അനുവദിച്ച 150 കോടി രൂപ ഡി.ടി.സി. ഉപയോഗിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ. അപരാജിത സിങ് കോടതിയെ അറിയിച്ചു. പാരിസ്ഥിതിക നഷ്ടപരിഹാര ഫണ്ട് ബസ് വാങ്ങാൻ ഉപയോഗിക്കരുതെന്നും അപരാജിത പറഞ്ഞു.

നഗരത്തിനാവശ്യമായ 11,000 ബസുകളിൽ 5,554 ബസുകൾ മാത്രമാണ് ഇപ്പോഴുള്ളതെന്ന് എ.എസ്.ജി. ബോധിപ്പിച്ചു. 2,000 സ്റ്റാൻഡേർഡ് ബസുകൾ വാങ്ങാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ബസ് ഡിപ്പോകൾ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമല്ലെന്നും എ.എസ്.ജി. ബോധിപ്പിച്ചു. സത്യവാങ്മൂലം പരിശോധിച്ച കോടതി, ഇത്രയധികംസ്ഥലം ഡി.ഡി.എ. വിട്ടുനൽകില്ലെന്ന് നിരീക്ഷിച്ചു. ബസുകൾ ചാർജ് ചെയ്യുന്നതിനുള്ള സ്റ്റേഷനുകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവ സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. സമഗ്രമായ പദ്ധതി സമർപ്പിക്കാമെന്ന് എ.എസ്.ജി. കോടതിയെ അറിയിച്ചു. ആയിരം ഇലക്‌ട്രിക് ബസുകൾ ഓടിക്കുന്നതിന് നഗരത്തിലെ റോഡുകൾ പര്യാപ്തമാണോയെന്ന് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.