ന്യൂഡൽഹി: നഗരത്തിലെ 12 മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ഡൽഹി മെട്രോ പുതിയ 250 ഇ-റിക്ഷാ സർവീസുകൾ ആരംഭിച്ചു. ഇതോടെ ഇ-റിക്ഷ സർവീസ് ലഭ്യമായ സ്റ്റേഷനുകളുടെ എണ്ണം 29-ഉം റിക്ഷകളുടെ എണ്ണം 1,250-ഉം ആയി ഉയർന്നു. ബുധനാഴ്ച പട്ടേൽനഗർ മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഓപ്പറേഷൻവിഭാഗം ഡയറക്ടർ എ.കെ. ഗാർഗ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. കുത്തബ്മിനാർ, ഗിറ്റോർണി, അർജൻഗഢ്, നവാഡ, ശാദിപുർ, പട്ടേൽനഗർ, നാൻഗ്ലോയി, നാൻഗ്ലോയി റെയിൽവേ സ്റ്റേഷൻ, ഗോവിന്ദ്പുരി, ഓഖ്‌ല, മൂൽചന്ദ്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയാണ് ഇ-റിക്ഷാ സർവീസ് പുതുതായി ആരംഭിച്ച മെട്രോ സ്റ്റേഷനുകൾ.

ജി.പി.എസ്. സംവിധാനമുള്ള റിക്ഷകൾ സ്റ്റേഷന്റെ മൂന്നു-നാലു കിലോമീറ്റർ പരിധിയിലാണ് സർവീസ് നടത്തുക. ആദ്യ രണ്ടുകിലോമീറ്ററിന് 10 രൂപയാണ് നിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അഞ്ചുരൂപവീതം ഈടാക്കും. വരുന്ന രണ്ടു-മൂന്നു മാസങ്ങൾക്കകം 12 സ്റ്റേഷനുകളിലേക്ക് കൂടി ഇ-റിക്ഷാ സർവീസ് വ്യാപിപ്പിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) പ്രസ്താവനയിൽ അറിയിച്ചു. ഇതിനായി 500 റിക്ഷകൾ ഏർപ്പെടുത്തും. ഇതുവരെ 17 മെട്രോ സ്റ്റേഷനുകളിലായി 800 ഇ-റിക്ഷകളാണ് സർവീസ് നടത്തിയിരുന്നതെന്നും ഡി.എം.ആർ.സി. വ്യക്തമാക്കി. തെക്കൻ ഡൽഹിയിലെ നാലു മെട്രോ സ്റ്റേഷനുകളിൽ സ്വകാര്യകമ്പനിയുടെ നേതൃത്വത്തിൽ മാർച്ചോടെ 100 ഇ-റിക്ഷാ സർവീസുകൾ ആരംഭിക്കുന്നുണ്ട്. യമുന ബാങ്ക്, സുഖ്‌ദേവ് വിഹാർ, ജാമിയ മിലിയ ഇസ്‌ലാമിയ, ജസോല വിഹാർ-ഷഹീൻബാഗ് എന്നീ സ്റ്റേഷനുകളിലാണ് സർവീസ് വരുന്നത്.