ന്യൂഡല്‍ഹി: 'കാരണോരെ, ഇങ്ങള് ഇപ്പോ പാടീല്ലെങ്കില്‍ കാലം മ്മടെ കൈയ്യില്‍ നിന്നു കളഞ്ഞു പോവും.' - ആദ്യം ഈ ആവശ്യം കേട്ട് നിശ്ശബ്ദനായെങ്കിലും നിരന്തരമായ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ ഉള്ളില്‍നിന്നു തന്നെ കാരണവരില്‍ നിന്നും പാട്ടൊഴുകി. 'പാട്ടു പോയാല്‍ ഞങ്ങള് പാട്യെടുക്കും, തോണി പോയാല്‍ ഞങ്ങള് ചവുട്ട്യെട്ക്കും, അന്റെ ജീവന്‍ പോയാല്‍ പിന്നെ എന്തു ചെയ്യും...?' ഈ ചോദ്യം പാട്ടിന്റെ കൊടുങ്കാറ്റായി പടര്‍ന്നപ്പോള്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.
 
ആ സമരക്കൊടുങ്കാറ്റില്‍ പറന്നു പോയത് അത്ര കാലം അടിച്ചമര്‍ത്തി നിര്‍ത്തിയ ഒരു തൊഴിലുടമ മാത്രമായിരുന്നില്ല. മനുഷ്യത്വം വറ്റിയ ഒരു സമൂഹത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്റെ പാട്ടിന് പോര്‍വീര്യത്തിന്റെ ജീവനുണ്ടെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഭാരത് രംഗ് മഹോത്സവത്തിന്റെ ഭാഗമായി ശ്രീറാം സെന്ററില്‍ അരങ്ങേറിയ ചില്ലറസമരം എന്ന നാടകം വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയോടുള്ള പ്രതികരണമായി. മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയ്യേറ്റര്‍ അവതരിപ്പിച്ചതായിരുന്നു നാടകം.

നോട്ട് അസാധുവാക്കലില്‍ ദുരിതമനുഭവിച്ച സാധാരണക്കാരായ ഇന്ത്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം കൂടിയായി ഈ നാടകം. പുതിയ കാലത്ത് ഉയര്‍ന്നു വരുന്ന വികസ സങ്കല്‍പ്പങ്ങളുടെ പൊള്ളത്തരങ്ങളോടും അധ്വാനത്തിന്റെയും മാനവികതയുടെയും അര്‍ഥങ്ങളറിയാതെയുള്ള പുതുതലമുറ തൊഴില്‍ സംസ്‌കാരത്തോടുമുള്ള പ്രതിഷേധം കൂടിയാണ് നാടകം. നാട്ടിന്‍പുറത്തുകാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന 25 പൈസ നാടുഭരിക്കുന്നവര്‍ നിരോധിക്കുന്നു. പെട്ടെന്നൊരു ദിവസം ചില്ലറ സാധനങ്ങളുടെ വില അമ്പതു പൈസയായി നിശ്ചയിക്കുന്നു. ചായക്കട, പബ്ലിക് ലൈബ്രറി തുടങ്ങീ ആളു കൂടുന്നിടത്തൊക്കെ 25 പൈസ കണ്ടു പിടിച്ചു നശിപ്പിക്കുന്നു. ഒടുവില്‍, ചില്ലറപ്പൈസയ്ക്കു വേണ്ടിയുള്ള പാട്ടുപെട്ടിയും തീയിട്ടു നശിപ്പിക്കുന്നു. ഇങ്ങനെ, വെന്തെരിയുന്നവരില്‍ നിന്നും പുതിയ സമരനാളം ജനിക്കുന്നു. അവിടെ, ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടി മരിച്ചവന്റെ സമരം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന പ്രഖ്യാപനം മുഴങ്ങുന്നു.

പരസ്യങ്ങളില്‍ ഭ്രമിക്കുന്ന പുതിയ കാലത്തെ തുറന്നു കാട്ടി ആഗോളീകരണത്തിന്റെ അര്‍ഥമില്ലാത്ത ജീവിതവും നാടകം ചിത്രീകരിക്കുന്നു. 'കണ്ണാകെ മഞ്ഞളിച്ചിരിക്കുന്നു, ഇപ്പോ ആളെ കണ്ടാലൊന്നും തിരിച്ചറിയില്ല.'- ഈ വാക്കുകളില്‍ തന്നെ പുതിയ കാലത്തിന്റെ ഭ്രമങ്ങളുടെ പൊള്ളത്തരം പ്രകടമാക്കുന്നു. കുട്ട്യോള് വയറു വിശന്നു കരയുമ്പോ, തൊള്ളേല് വെച്ചു കൊടുക്കാന്‍ പറ്റ്വേ എന്നാണ് ചോദ്യം. വിയര്‍പ്പു നാറുന്ന കര്‍ഷകനോടുള്ള പുച്ഛം പുതിയ തലമുറയുടെ മാത്രമല്ല, പുതിയ വികസന സങ്കല്‍പ്പങ്ങളുടെയും പ്രതീകമാവുന്നു. നെല്ലും പതിരും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത കാലമാണെന്നാണ് ഇതിനോടു കലഹിക്കുന്ന കര്‍ഷകന്റെ പ്രതികരണം.

ശബരിമലയിലേയ്ക്ക് അയ്യപ്പനെ മാത്രമല്ല, വാവരെയും സ്തുതിച്ചു പോവുന്ന ഭക്തരെ നോക്കി ഓ, സിക്കുലറിസമെന്നും ഒടുവില്‍ സാംസ്‌കാരിക പൈതൃകത്തെ കളിയാക്കി അതില്‍ പുച്ഛത്തോടെ മൂത്രമൊഴിക്കുന്ന ദൃശ്യവും വര്‍ത്തമാനത്തിന്റെ ചിത്രീകരണമാവുകയാണ് നാടകത്തില്‍. എം.പി. രാജേഷിന്റെ രചനയില്‍ അരുണ്‍ ലാല്‍ സംവിധാനം ചെയ്തതാണ് നാടകം. സുരേഷ്, അഖില്‍, മിഥുന്‍, ആബിദ്, ശ്രീജേഷ്, അനീഷ്, ജിഷ്ണു എന്നിവര്‍ അരങ്ങിലെത്തുന്നു. വിവേക്, മജീദ് (സംഗീതം), സജാദ് (വെളിച്ചം), സുഭാഷ് (വേദി), ജയചന്ദ്രന്‍ (വേഷം), ശരത് (രംഗകല) എന്നിവരാണ് അണിയറ ശില്പികള്‍.