ന്യൂഡല്‍ഹി: കേരളത്തിലെ ആസ്വാദകര്‍ക്കുമുന്നില്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ മെലിഞ്ഞുതുടങ്ങിയ കാലത്ത്, ഡല്‍ഹിയില്‍ പ്രൊഫഷണല്‍ നാടകകലയ്ക്ക് പുനര്‍ജനി. പ്രവാസി നാടകവേദികളുടെ പരിമിതികള്‍ മറികടന്ന്, കൈത്തഴക്കംവന്ന കലാകാരന്മാരായി ഫരീദാബാദിലെ മലയാളികള്‍ വേദി കയ്യടക്കിയപ്പോള്‍ കാഴ്ചക്കാര്‍ സ്വയംമറന്നു.
 
ശനിയാഴ്ച വൈകിട്ട് കലാകേരളം സംഘടിപ്പിച്ച കലാവിരുന്നിലാണ് ഫരീദാബാദ് മലയാളി അസോസിയേഷന്‍ 'സായാഹ്നം' എന്ന നാടകം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയത്. മയൂര്‍വിഹാര്‍ ഫേസ് ഒന്നിലെ കാര്‍ത്യായനി ആഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍ അരങ്ങേറിയത്.

പരീക്ഷണനാടകങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്നിലാണ് ഒരുമണിക്കൂര്‍ പത്തുമിനിറ്റ് സമയം, പ്രൊഫഷണല്‍ നാടകത്തിന്റെ ശൈലിയില്‍ സായാഹ്നം അരങ്ങേറിയത്. ആദിമധ്യാന്തപൊരുത്തമുള്ള യഥാതഥശൈലിയില്‍ പാളിച്ചകളില്ലാതെ പ്രമേയംെൈ കകാര്യം ചെയ്യാന്‍ പന്ത്രണ്ടാമത്തെ വേദിയിലും സംഘത്തിന് കഴിഞ്ഞു.
 
പ്രവാസജീവിതത്തിലും പുതുതലമുറജീവിതത്തിലും കൈമോശം വരുന്ന സ്‌നേഹവും ആദരവും ആഗ്രഹങ്ങളുമാണ് വില്‍സന്‍ തോമസ് തിരുവല്ല രചിച്ച് സംവിധാനംചെയ്ത നാടകത്തിന്റെ ഇതിവൃത്തം. മക്കളെ വളര്‍ത്താന്‍ അറവുമാടുകളെ പോലെ ജീവിച്ചുതീര്‍ക്കുന്ന അച്ഛനമ്മമാര്‍, അവര്‍ക്കായി വൃദ്ധസദനം തിരയുന്ന മക്കളും മരുമക്കളും. തികച്ചും ലളിതമായ കഥയെ ശക്തമായ അവതരണത്തിലൂടെയും മികച്ച അഭിനയത്തിലൂടെയും അവതാരകര്‍ അനുഭവമാക്കി മാറ്റി.

നാട്ടിലെ വേദികളിലെ വിപുലമായ അഭിനയപരിചയങ്ങളൊന്നുമില്ലെങ്കിലും നടീനടന്മാര്‍ കഥാപാത്രങ്ങളായി വേദിയില്‍ തിളങ്ങി. കേന്ദ്രകഥാപാത്രങ്ങളായ മറിയാമ്മയെ അവതരിപ്പിച്ച കൃഷ്ണാ രഘുനാഥും ചാക്കോച്ചനെ അവതരിപ്പിച്ച സണ്ണിപോളും പ്രൊഫഷണല്‍ ട്രൂപ്പുകളിലെ നടീനടന്മാരെ അതിശയിപ്പിച്ചു. വേദികളുടെ സൗകര്യക്കുറവുകള്‍ പരിഹരിക്കാന്‍ സ്റ്റുഡിയോയില്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ക്കനുസരിച്ചാണ് നടീനടന്മാര്‍ അഭിനയിച്ചതെങ്കിലും ചെറുകുറവുപോലും പ്രേക്ഷകര്‍ക്കില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതും ശ്രദ്ധേയമായി.

അനില്‍, വാസുദേവന്‍, മോഹന്‍, ബാബു, തമ്പി ജോര്‍ജ്, തോമസ്, ഷിനു, ബറ്റീന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്റെ വരികള്‍ക്ക് അജീഷ് കല്ലടയാണ് സംഗീതം പകര്‍ന്നത്. അജിയും അഞ്ജലിയുമാണ് ഗായകര്‍. ജന ചമയവും സതി പ്രകാശവിന്യാസവും കൈകാര്യം ചെയ്തു. ഗോപനാണ് നിര്‍മാണസഹായി.