ന്യൂഡൽഹി : മഴക്കാലമാരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിയും പടരാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കോവിഡിന്റെയും ഡെങ്കിപ്പനിയുടെയും ലക്ഷണങ്ങൾക്കുള്ള സാമ്യവും രണ്ടും ഒന്നിച്ചുപടർന്നാൽ ചികിത്സിക്കാനാവശ്യമായ സൗകര്യം രാജ്യത്തില്ലെന്നുള്ള ആശങ്കയുമാണ് ഇവർ പങ്കുവെക്കുന്നത്.

കോവിഡും ഡെങ്കിയും കണ്ടുപിടിക്കാൻ വ്യത്യസ്ത പരിശോധനാരീതികളാണുവേണ്ടത്. അതിന് വളരെ ക്ഷമയും വേണം. ഒരു രോഗം മറ്റൊന്നിനെ സങ്കീർണമാക്കും. ചിലപ്പോൾ മരണകാരണവുമാകുമെന്ന് ഇവർ പറയുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നിരിക്കുകയാണ്. മരണം ഇരുപത്തിരണ്ടായിരവും കവിഞ്ഞു. 2016-19ലെ കണക്കനുസരിച്ച് ഓരോവർഷവും ഒരുലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ആളുകൾക്ക് ഡെങ്കിപ്പനി പടിക്കുന്നുണ്ടെന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ രേഖപ്രകാരം കഴിഞ്ഞവർഷം 1,36,422 പേർക്കാണ് ഡെങ്കിപ്പനി പിടിച്ചത്. ഇതിൽ 132 പേർ മരിച്ചു.

പനി, തലവേദന, ശരീരവേദന തുടങ്ങി കോവിഡിന്‍റെയും ഡെങ്കിയുടെയും ലക്ഷണങ്ങൾ ഒന്നാണ്. രണ്ടു രോഗത്തിന്റെയും വൈറസുകൾ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കാനുള്ള സാധ്യതയുമുണ്ടെന്ന് കൊൽക്കത്തയിലെ അമിറ്റി സർവകലാശാലാ വൈസ് ചാൻസലറും വൈറോളജിസ്റ്റുമായ ധ്രുവ്ജ്യോതി ചതോപാധ്യായ മുന്നറിയിപ്പു നൽകുന്നു.

“ഈ സാഹചര്യം ഇതുവരെ കാര്യമായി പഠിച്ചിട്ടില്ല. എന്നാൽ, തെക്കേ അമേരിക്കയിൽനിന്നു ലഭ്യമായ വിവരങ്ങൾ സ്ഥിതി അപകടകരമാണെന്നും ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയുണ്ടാക്കുമെന്നുമാണ് കാണിക്കുന്നത്” -അദ്ദേഹം പറഞ്ഞു.

ഒരേസമയം രണ്ടുരോഗങ്ങളും പിടിപെടുന്നത് മരണകാരണമാകും. ഡെങ്കിപ്പനി ഈഡിസ് ഈജിപ്തി എന്ന കൊതുക് പരത്തുന്നതിനാൽ മഴക്കാലത്ത് പെട്ടെന്നു വ്യാപിക്കുമെന്ന് കൊൽക്കത്ത സി.എസ്.ഐ.ആർ-ഐ.ഐ.സി.ബി.യിലെ വൈറോളജിസ്റ്റ് ഉപാസന റേ പറഞ്ഞു. ആശുപത്രിയിൽ ഇപ്പോഴുള്ള കോവിഡ് രോഗികളുടെ എണ്ണം നോക്കുമ്പോൾ ഡെങ്കിപ്പനി ബാധിക്കുന്നവരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ടാകുമോയെന്നും അവർ ചോദിച്ചു.