ന്യൂഡൽഹി: നോട്ടുനിരോധനത്തിന്റെ മൂന്നാംവാർഷികദിനത്തിൽ മോദി സർക്കാരിനെതിരേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാർലമെന്റ് സ്ട്രീറ്റിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്താണ് വെള്ളിയാഴ്ച പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ പ്രതിഷേധക്കാരെ ബാങ്കിന് സമീപം എത്തുന്നതിനുമുമ്പ് പോലീസ് തടഞ്ഞു. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ തകർത്ത നോട്ടുനിരോധനം നടപ്പാക്കിയതിന് മോദി സർക്കാർ മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പറഞ്ഞു. പ്രതിസന്ധിയിൽ കരകയറാൻ മൂന്നുവർഷമായിട്ടും സാമ്പത്തികമേഖലയ്ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുനിരോധനത്തിന്റെ മൂന്നാവാർഷികദിനത്തിൽ രാജ്യമൊട്ടാകെ യൂത്ത് കോൺഗ്രസ് കരിദിനം ആചരിക്കുകയാണെന്ന് മാധ്യമവിഭാഗം മേധാവി അമരിഷ് രജ്ഞൻ പാണ്ഡെ പറഞ്ഞു. നോട്ടുനിരോധനം കാരണമുണ്ടായ ബുദ്ധിമുട്ടുകളാൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടെങ്കിലും മാപ്പുപറയാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016 നവംബർ എട്ടിനായിരുന്നു 500 രൂപ, 1,000 രൂപാ നോട്ടുകൾ നിരോധിച്ചകാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.