ന്യൂഡല്‍ഹി: അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ പരാതി.

സംഭവത്തിനുശേഷം അധ്യാപകന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും വലിയ മാനസിക സമ്മര്‍ദത്തിലാണ് ജീവിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിക്ക് നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനി പറഞ്ഞു.

കഴിഞ്ഞദിവസം ഡി.യു.വിലെ മറ്റൊരധ്യാപകനെ പീഡനക്കേസില്‍ അറ്സ്റ്റ് ചെയ്തതിനുപിന്നാലെയാണ് സമാന പരാതി ലഭിക്കുന്നത്.

ക്ലാസ് മുറിയില്‍വെച്ച് അധ്യാപകനുമായി നടന്ന തര്‍ക്കത്തിന്റെ വീഡിയോദൃശ്യങ്ങളും വിദ്യാര്‍ഥിനി പരാതിക്കൊപ്പം വി.സി.ക്ക് കൈമാറി.

ഇതില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയോട് മാപ്പുചോദിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളുണ്ടെന്നാണ് കരുതുന്നത്.

അധ്യാപകനെതിരേ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളേജ് അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥിനി ആരോപിച്ചു.

കോളേജില്‍നിന്ന് പുറത്താക്കപ്പെടുമോയെന്ന് ഭയക്കുന്നുവെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

അതേസമയം വിദ്യാര്‍ഥിനി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

ആരോപിതനായ അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധപരിപാടികള്‍ ആരംഭിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.