ന്യൂഡൽഹി: ശിവരാത്രിദിനത്തിൽ പുഷ്പവിഹാർ ശ്രീ ധർമശാസ്താക്ഷേത്രത്തിൽ പരമശിവന് അരലക്ഷം ദീപങ്ങളുടെ അർച്ചന നടത്തും. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്കാണ് മഹാ ദീപാർച്ചന.

രാവിലെ അഞ്ചരയ്ക്ക് ഗണപതിഹോമം. ആറിന് അഷ്ടാഭിഷേകം, ഏഴിന് പാലഭിഷേകം എന്നിവയുമുണ്ടാവും. തുടർന്ന്, ഒമ്പതു മുതൽ വൈകീട്ട് ആറു വരെ ധർമശാസ്താ മഹിളാ ഭാഗവതപാരായണസംഘം അവതരിപ്പിക്കുന്ന ശിവപുരാണപാരായണം നടക്കും. ആറരയ്ക്ക് ദീപാരാധന വേളയിലാണ് അരലക്ഷം ചെരാതുകളിൽ വിളക്കു തെളിച്ചുള്ള മഹാദീപാർച്ചന. ആറേമുക്കാലിന് അന്താരാഷ്ട്ര കഥകളി കേന്ദ്രം അവതരിപ്പിക്കുന്ന ദാരികവധം കഥകളി അരങ്ങേറും. എട്ടരയ്ക്ക് ലഘുഭക്ഷണം, ഒമ്പതരയ്ക്ക് ബദാം പാൽവിതരണം എന്നിവയ്ക്ക് ശേഷം ഭണ്ഡാരയോടെ ചടങ്ങുകൾ സമാപിക്കും. ക്ഷേത്രം മേൽശാന്തിമാരായ രവീന്ദ്രൻനമ്പൂതിരി, പാലക്കുളം ഉണ്ണിനമ്പൂതിരി എന്നിവർ ശിവരാത്രിപൂജകൾക്കു കാർമികത്വം വഹിക്കും.

പ്രദേശത്ത് 300 വർഷങ്ങൾക്കുമുമ്പ് ശിവ-പാർവതീക്ഷേത്രം നിലനിന്നിരുന്നതായി ദേവപ്രശ്നത്തിൽ കണ്ടിരുന്നു. ക്ഷേത്രത്തിൽ ശിവാരാധന ഉചിതമായിരിക്കുമെന്ന ഉപദേശത്തെത്തുടർന്ന്, ശ്രീധർമശാസ്താവിനെ കുടിയിരുത്തിയ ശ്രീകോവിലിന്റെ ദക്ഷിണ ദ്വാരത്തായി പരമശിവന്റെ മറ്റൊരു രൂപമായ ദക്ഷിണാമൂർത്തിയെ ഉപദേവതയായി പ്രതിഷ്ഠിച്ചു. ശിവരാധനയുടെ കൂടി ഭാഗമായിട്ടാണ് മഹാശിവരാത്രി ആഘോഷം.

ക്ഷേത്രത്തിന്റെ ചുറ്റമ്പലങ്ങളിലും പരിസരത്തും തിങ്കളാഴ്ച രാവിലെ മുതൽ ചെരാതുകൾ വെച്ചു തുടങ്ങും. ക്ഷേത്രത്തിനുസമീപത്തെ പാർക്കിലും പരിസരത്തും വഴികളിലുമൊക്കെ മഹാദീപാർച്ചനയ്ക്കായി ചെരാതുകൾ തെളിക്കാൻ സൗകര്യമൊരുക്കിയെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനു മുൻവശത്തെ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ശിവലിംഗത്തിൽ പാൽധാര നടത്താനും ഭക്തർക്കായി സൗകര്യമൊരുക്കി.