: വടക്കുകിഴക്കൻ ഡൽഹിയെ നടുക്കിയ കലാപത്തിൽനിന്ന് ഇനിയും മുക്തരായിട്ടില്ല മേഖലയിലെ ജനം. സംഘർഷത്തിന്റെ അവശേഷിപ്പുകളായ തകർന്നുകിടക്കുന്ന കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും ഇവരിൽ ഇപ്പോഴും ഭയം ഉളവാക്കുന്നു.

കലാപഭൂമിയിലൂടെ നടത്തിയ യാത്രയിലുടനീളം ഇത്തരം ഭീതിയുടെ കാഴ്ചകളാണ് കാണാൻ സാധിച്ചത്. സംഘർഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭജൻപുരയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കത്തിനശിച്ച വാഹനങ്ങളാണ് സ്വാഗതം ചെയ്തത്. പ്രധാന റോഡിലൂടെ മുന്നോട്ടുനീങ്ങവേ ഇത്തരം വാഹനങ്ങളുടെ എണ്ണം കൂടിവന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസുകൾ എന്നിങ്ങനെ നൂറിലധികം വാഹനങ്ങളാണ് കത്തിക്കിടക്കുന്നത്. ഭജൻപുരയിലെ പ്രധാന പെട്രോൾ പമ്പ് ഒന്നടങ്കം അഗ്നിക്കിരയാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ചിത്രമെടുക്കാൻ റോഡിലൂടെ കടന്നുപോവുന്നവർ എത്തുന്ന കാഴ്ചയും കാണാൻ സാധിച്ചു. പ്രദേശത്തെ കടകളെല്ലാം അടഞ്ഞുകിടക്കുന്നു. നിരോധനാജ്ഞയിൽ വെള്ളിയാഴ്ച 10 മണിക്കൂർ ഇളവ് നൽകിയതിനാൽ നാട്ടുകാർ പുറത്തുവന്നിട്ടുണ്ട്. വാഹനഗതാഗതം താരതമ്യേന കുറവാണ്. പോലീസ്, അർധസൈനികർ എന്നിവരുടെ കാവലിലാണ് പ്രദേശം. പ്രദേശത്തെ സുരക്ഷയെക്കുറിച്ചറിയാൻ ഭജൻപുര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ഓഫീസിലേക്ക് ചെന്നപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ’’സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഒന്നുകൊണ്ടും പേടിക്കാനില്ല’’- പോലീസ് അധികൃതർ പറഞ്ഞു. ഓഫീസിൽനിന്ന് പുറത്തിറങ്ങവേ കലാപത്തിൽ കത്തിനശിച്ച ഒട്ടേറെ ഇരുചക്രവാഹനങ്ങളുമായി കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ട്രക്ക് എത്തിച്ചേർന്നു. തുടർന്ന് ബ്രിജ്പുരി വഴി മുസ്തഫാബാദിലേക്ക് നീങ്ങവേ കലാപത്തിന്റെ നടുക്കുന്ന അവശേഷിപ്പുകൾ വഴിയിലുടനീളം കാണാൻ കഴിഞ്ഞു. ബ്രിജ്പുരിയിലും കടകളൊന്നും തുറന്നിട്ടില്ല. ഗുരുദ്വാരയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ സഹായപ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നുണ്ട്. അക്രമികൾ അഴിഞ്ഞാടിയ മുസ്തഫാബാദ് അർധസൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡിനിരുവശത്തും സി.ആർ.പി.എഫ്., ബി.എസ്.എഫ്. തുടങ്ങിയ അർധസൈനികർ കാവൽ നിൽക്കുന്നു. മേൽനോട്ടത്തിനായി മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. അതിരൂക്ഷമായ സംഘർഷമാണ് പ്രദേശത്ത് നടന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും. നാലുനില കെട്ടിടത്തിന് ഒന്നടങ്കം തീവെച്ചിരിക്കുന്നു. വീടുകളുടെ ചുമരുകളിൽ പെട്രോൾ ബോംബ് വീണതിന്റെ കരിഞ്ഞ പാടുകൾ, അടിച്ചുതകർക്കപ്പെട്ട ചില്ലുകൾ, ആക്രമണത്തിനായി ഉപയോഗിച്ച ഇഷ്ടികകൾ, പാറക്കല്ലുകൾ എന്നിവയാണ് കാഴ്ചകൾ. കത്തിക്കരിഞ്ഞ സ്ഥിതിയിലാണ് ഓൾഡ് മുസ്തഫാബാദ് ജങ്ഷൻ. ഇവിടുത്തെ കടകളെല്ലാം കത്തിച്ചിരിക്കുകയാണ്. തീവെച്ച നിലയിൽ ഒട്ടേറെ വാഹനങ്ങൾ റോഡരികിലും കാണാൻ സാധിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോർപ്പറേഷന്റെ ശുചീകരണത്തൊഴിലാളികൾ എത്താത്തതിനാൽ ഓവുചാലുകൾ നിറഞ്ഞുകവിഞ്ഞ് റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നു. ഇവിടുത്തെ ഒരു സ്കൂളിനും തീവെച്ചിട്ടുണ്ട്. മുസ്തഫാബാദിന്റെ സമീപത്തെ ഭഗീരഥി വിഹാറിലും അക്രമികൾ അഴിഞ്ഞാടിയതായി പ്രദേശവാസികൾ പറഞ്ഞു. ഹിന്ദു-മുസ്‌ലിം മേഖലയായ ഇവിടെ വെടിവെപ്പ്, പെട്രോൾ ബോംബേറ് എന്നിവ നടന്നിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് കഴിയുന്ന സ്ഥലങ്ങളാണ് സംഘർഷം നടന്ന മേഖലകളിൽ ഭൂരിഭാഗവും. എന്നാൽ, ഐക്യത്തോടെയാണ് ഇരുവിഭാഗങ്ങളും കഴിയുന്നതെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും കലാപബാധിത മേഖലകളിലുള്ളവർ പറയുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായ ഭജൻപുര നിവാസി ഗോപാൽ ദാസും ഇക്കാര്യം ആവർത്തിച്ചു. സംഘർഷം കാരണം കഴിഞ്ഞ മൂന്നു-നാലു ദിവസമായി ദാസിന് ജോലിയില്ല. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ദിൽഷാദ് ഗാർഡനിലെ ജി.ടി.ബി. ആശുപത്രിയിലാണ് എത്തിച്ചിരിക്കുന്നത്. ഉറ്റവരുടെ മൃതദേഹങ്ങൾക്കായി കാത്തുനിൽക്കുന്ന ബന്ധുക്കളുടെ വൻനിരയെയാണ് ആശുപത്രിയിൽ എത്തിയപ്പോൾ മോർച്ചറിക്ക് മുമ്പിൽ കാണാൻ സാധിച്ചത്. നിർവികാരതയാണ് ഭൂരിഭാഗം പേരുടെയും മുഖത്ത്. കരഞ്ഞുതളർന്ന കണ്ണുകൾ. നീണ്ട മണിക്കൂറുകളുടെ ഇടവേളകളിൽ ഓരോ മൃതദേഹവും പുറത്തുവരുമ്പോൾ തങ്ങളുടെ ഉറ്റവരുടേതാണോ എന്ന പ്രതീക്ഷയിൽ നോക്കുകയാണ് ബന്ധുക്കൾ.