ന്യൂഡല്‍ഹി: 1952-ല്‍ ലോകം നടുങ്ങിയ ലണ്ടനിലെ പുകമഞ്ഞു ദുരന്തത്തെ ഓര്‍മിപ്പിക്കുന്നതാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ അപകടാന്തരീക്ഷമെന്ന് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് വലിയ തോതില്‍ ശ്വാസതടസ്സമുണ്ടാവുകയും ആസ്​പത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്തതായിരുന്നു ലണ്ടന്‍ സംഭവം. ഞായറാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നത് ഇത്തരമൊരു ദുരന്തത്തിന്റെ വക്കിലാണ് ഡല്‍ഹിയെന്ന് ഓര്‍മിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വായു ഗുണനിലവാര സൂചിക മിക്ക നിരീക്ഷണകേന്ദ്രങ്ങളിലും 487 രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് 500 കടന്നാല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് പറഞ്ഞു. സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം കൂടുതല്‍ വായുമലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. 500 ഡി.ടി.സി. ബസ്സുകള്‍ അധികമായി സര്‍വീസിനിറക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. കാഴ്ചക്കുറവിനേത്തുടര്‍ന്ന് ഡല്‍ഹി എക്‌സ്പ്രസ് വേയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം. വീഡിയോ/യൂട്യൂബ്
പുകമഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ ത്തുടര്‍ന്ന് പലയിടങ്ങളിലും വലിയ അപകടങ്ങളുമുണ്ടായി. യമുന എക്‌സ്​പ്രസ് പാതയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. പ്രഭാത സമയങ്ങളില്‍ പത്തു മീറ്റര്‍ ദൂരം പോലും കാണാനാവുന്നില്ല. അന്തരീക്ഷത്തില്‍ നിഷിദ്ധമായിട്ടുള്ള മലിനവസ്തുക്കളുടെ തോത് പി.എം-2.5 വിന്റേത് 420 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററും പി.എം-പത്തിന്റെ അളവ് 678 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്ററുമായി ഉയര്‍ന്നു. പി.എം-2.5 ന്റെ തോത് 60 മൈക്രോഗ്രാമാണ് സുരക്ഷിത പരിധി. പി.എം. പത്തിന്റേതാവട്ടെ 100 മൈക്രോഗ്രാമുമാണ് സുരക്ഷിതപരിധി. ഇതു മുപ്പതിരട്ടിയായി വര്‍ധിച്ചത് ഡല്‍ഹിയിലെ അന്തരീക്ഷം അപകടകരമായ അളവില്‍ മലിനപ്പെട്ടതിന്റെ വ്യക്തമായ തെളിവായി. ലണ്ടനിലെ ദുരന്തത്തില്‍ നാലായിരത്തോളം പേര്‍ മരിച്ചിരുന്നു. നിഷിദ്ധ മലിനവസ്തുക്കളുടെ തോത് അന്തരീക്ഷത്തില്‍ 500 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്ററായി ഉയര്‍ന്നിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതരമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഈയൊരു അപകടം കണക്കിലെടുത്തായിരുന്നു.