ന്യൂഡൽഹി: സാങ്കേതികത്തകരാറിനെത്തുടർന്ന് ഡൽഹി മെട്രോയുടെ തിരക്കേറിയ യെല്ലോ ലൈനിൽ നാലുമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെയായിരുന്നു ന്യൂഡൽഹി-ഗുരുഗ്രാം പാതയിലെ യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയ സംഭവം. കൂടാതെ തെക്കൻ ഡൽഹിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ഗതാഗതക്കുരുക്കിനും ഇക്കാര്യം വഴിയൊരുക്കി. സമയ്പുർ ബാദ്‌ലിയെയും ഹുഡ സിറ്റി സെന്ററിനെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൽ രാവിലെ ഒമ്പതരയ്ക്കാണ് സർവീസ് മുടങ്ങിയത്.

സുൽത്താൻപുർ മെട്രോ സ്റ്റേഷനിലെ ഓവർഹെഡ് വയർ തകരാറിലായതോടെ വൈദ്യുതിബന്ധം മുടങ്ങിയതായിരുന്നു കാരണം. തുടർന്ന് ഹുഡ സിറ്റി സെന്ററിൽനിന്ന് സുൽത്താൻപുർ വരെയും സമയ്പുർ ബാദ്‌ലിയിൽനിന്ന് കുത്തബ്മിനാർ വരെയുമായിരുന്നു താത്കാലിക സർവീസ്. സുൽത്താൻപുരിനും കുത്തബ്മിനാറിനും ഇടയിൽ സർവീസുണ്ടായിരുന്നില്ല. ഇതോടെ ഗുരുഗ്രാം, ന്യൂഡൽഹി ഭാഗങ്ങളിലേക്ക് പോവേണ്ട യാത്രക്കാർ പ്രതിസന്ധിയിലായി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) 16 പേരടങ്ങുന്ന രണ്ടു സംഘങ്ങളെത്തി നടത്തിയ അറ്റകുറ്റപ്പണിക്കുശേഷം ഒന്നരയ്ക്കാണ് തകരാർ പരിഹരിച്ചത്. തുടർന്ന് മുൻകരുതലിന്റെ ഭാഗമായി അരമണിക്കൂർ നേരം നിയന്ത്രിതവേഗത്തിൽ മാത്രം തീവണ്ടികൾ കുത്തബ്മിനാർ-സുൽത്താൻപുർ സ്റ്റേഷനുകൾക്കിടയിൽ കടത്തിവിട്ടു. പിന്നീട്, രണ്ടുമണിയോടെ സാധാരണവേഗത്തിൽ സർവീസുകൾ പുനഃരാരംഭിച്ചു. സാങ്കേതികത്തകരാറിന്റെ വിവരങ്ങൾ മെട്രോ അധികൃതർ സാമൂഹികമാധ്യമങ്ങളിലൂടെ തത്‌സമയം അറിയിച്ചുകൊണ്ടിരുന്നു. യാത്രക്കാർക്ക് സഹായകമാവാൻ കുത്തബ്മിനാർ, സുൽത്താൻപുർ സ്റ്റേഷനുകൾക്കിടയിൽ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നതായി മെട്രോ അധികൃതർ പറഞ്ഞു. പ്രതിദിനം ഏഴുമുതൽ എട്ടുലക്ഷം വരെ യാത്രക്കാർ യെല്ലാ ലൈനിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ഡി.എം.ആർ.സി.യുടെ കണക്ക്.

അപ്രതീക്ഷിതമായി വലഞ്ഞ് യാത്രക്കാർ

ഡൽഹി മെട്രോയിലെ തിരക്കേറിയ പാതകളിലൊന്നായ യെല്ലോ ലൈനിൽ രാവിലെ അപ്രതീക്ഷിതമായി സർവീസ് മുടങ്ങിയത് യാത്രക്കാരെ ശരിക്കും വലച്ചു. പല ലൈനുകളിലും മെട്രോ സർവീസ് ഇടയ്ക്ക് തടസ്സപ്പെടാറുണ്ടെങ്കിലും ഇത്രയുമധികം സമയം സർവീസ് നിലയ്ക്കുമെന്ന് യെല്ലോ ലൈനിലെ യാത്രക്കാർ ചൊവ്വാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലും തീവണ്ടിക്കായി കാത്തുനിൽക്കുന്നവരുടെ കാഴ്ചയായിരുന്നു. കുത്തബ്മിനാർ, സുൽത്താൻപുർ സ്റ്റേഷനുകളിൽ നിർത്തിയിട്ട തീവണ്ടികൾ ഉടൻ പുറപ്പെടുമെന്ന് പ്രതീക്ഷിച്ച് കുറേ യാത്രക്കാർ വണ്ടിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ, പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും വണ്ടികൾ പുറപ്പെടാത്തതോടെ ചൂട് കാരണം ഇവരിൽ ചിലർ തളർന്നുവീണു. വണ്ടിയുടെ അകത്ത് എ.സി. പ്രവർത്തിച്ചിരുന്നില്ലെന്ന് ഇവർ പരാതിപ്പെട്ടു. ചില യാത്രക്കാർ റെയിൽപാളത്തിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. ഭൂരിഭാഗംപേരും ഓഫീസുകളിൽ വൈകിയാണെത്തിയത്. നിരവധി യാത്രക്കാർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. യാത്രക്കാർ പാളങ്ങളിൽക്കൂടി നടക്കുന്നതിന്റെയും പ്ലാറ്റ്‌ഫോമുകളിൽ കൂടിനിൽക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലൂടെ അവർ പങ്കുവെച്ചു. ‘‘എ.സി.യില്ലാതെ മെട്രോയുടെ ഉള്ളിൽ കുടുങ്ങി. അരമണിക്കൂർ കഴിഞ്ഞാണ് പുറത്തുവരാൻ സാധിച്ചത്’’- ഒരു യാത്രക്കാരൻ ട്വീറ്റ് ചെയ്തു. മൂന്നുമണിക്കൂറോളം കാത്തുനിന്നെന്നും എന്നാൽ തിരക്ക്കാരണം കുത്തബ്മിനാർ മെട്രോ സ്റ്റേഷനിലേക്ക് കടക്കാൻ സാധിച്ചില്ലെന്നും നോയിഡയിൽ എൻജിനീയറായി ജോലിചെയ്യുന്ന മറ്റൊരു യാത്രക്കാരൻ ട്വിറ്ററിൽ കുറിച്ചു.

തെക്കൽ ഡൽഹിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

യെല്ലോ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടത് തെക്കൻ ഡൽഹിയിൽ മൂന്നുമണിക്കൂറോളം നീണ്ടുനിന്ന വൻ ഗതാഗതക്കുരുക്കിന് വഴിയൊരുക്കി. യാത്രക്കാർ മെട്രോ ഉപേക്ഷിച്ച് ബസ്, ഓട്ടോറിക്ഷാ, സ്വകാര്യവാഹനം തുടങ്ങിയവയെ ആശ്രയിച്ചതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. ഹോസ്ഖാസ് മുതൽ എം.ജി. റോഡ് വരെയുള്ള ഭാഗത്തെ ഇക്കാര്യം ബാധിച്ചു. മെഹ്‌റോളി സർക്കിൾ, കുത്തബ്മിനാർ, സുൽത്താൻപുർ, ഛത്തർപുർ, 100 ഫീറ്റ് റോഡ്, സി.ഡി.ആർ. ചൗക്ക്, ലാഡു സരായി, അരബിന്ദോ മാർഗ്, എം.ജി. റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മെഹ്‌റോളി-ഗുരുഗ്രാം പാതയിൽ രണ്ടുമണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ലഭിക്കാതെ വന്ന കുറേപ്പേർ കടുത്ത ചൂടിനെ അവഗണിച്ച് റോഡിലൂടെ നടന്നാണ് പോയത്. അതേസമയം, പ്രതിസന്ധി മുതലെടുത്ത് ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിതനിരക്ക് ഈടാക്കിയതായി യാത്രക്കാർ പരാതിപ്പെട്ടു. മെട്രോ സർവീസ് മുടങ്ങിയതിനാൽ റോഡിൽ ഗതാഗതത്തിരക്ക് രൂക്ഷമാണെന്ന് ഡൽഹി ട്രാഫിക് പോലീസ് ട്വിറ്ററിലൂടെ അറിയിപ്പ് നൽകിയിരുന്നു.

റിപ്പോർട്ട് തേടി കെജ്‌രിവാൾ

ഡൽഹി മെട്രോ സർവീസ് തടസ്സപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. വിശദമായ റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാൻ ഡൽഹി മെട്രോയോട് നിർദേശിച്ചെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

Content Highlights: Delhi metro yellow line