ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പൊതുഗതാഗതം വീണ്ടും ആരംഭിച്ച സാഹചര്യത്തിൽ മേയ് 31-ന് മുമ്പ് ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് സൂചന. നാലാംഘട്ട അടച്ചിടൽ അവസാനിക്കുന്നതിനുമുമ്പ് മെട്രോ സർവീസ് വീണ്ടും ആരംഭിക്കാൻ അനുമതി നൽകിയേക്കുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിൽ മെട്രോയുടെ വിഷയം ചർച്ചചെയ്തിരുന്നു. വൻതോതിൽ യാത്രക്കാർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായതിനാൽ മെട്രോ സർവീസ് പുനരാരംഭിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായമെന്നാണ് വിവരം. അതിനാൽ, ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

നാലാംഘട്ട അടച്ചിടലിൽ മെട്രോ സർവീസിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബസ്, ഓട്ടോറിക്ഷ, ടാക്‌സി, കാബ്, ഇ-റിക്ഷ, സൈക്കിൾറിക്ഷ എന്നിവയ്ക്ക് അനുമതി നൽകി. മറ്റു പൊതുഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ മെട്രോയാണ് ഏറ്റവുമെളുപ്പമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. സർവീസ് പുനരാരംഭിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുമ്പ് തന്നെ സമ്മതമറിയിച്ചിരുന്നു.

Content Highlight:  Delhi Metro Service likely to resume before 31st