ന്യൂഡൽഹി: ദ്വാരകയെയും നജഫ്ഗഢിനെയും ബന്ധിപ്പിക്കുന്ന പുതിയ മെട്രോ പാതയായ ഗ്രേലൈൻ അടുത്തയാഴ്ച പ്രവർത്തനമാരംഭിക്കും. 4.2 കിലോമീറ്റർ ദൈർഘ്യംവരുന്ന പാതയിൽ ദ്വാരക, നാൻഗ്ലി, നജഫ്ഗഢ് എന്നീ മൂന്നുസ്റ്റേഷനുകളാണ് ഉണ്ടാവുക. പുതിയ ലൈൻ യാത്രയ്ക്കായി തുറന്നുനൽകുന്നതോടെ ഡൽഹി മെട്രോ ശൃഖല 377 കിലോമീറ്ററും 274 സ്റ്റേഷനുകളുമായി വർധിക്കും. ഗ്രേ ലൈനിൽ 2.57 കിലോമീറ്റർ മേൽപ്പാതയും 1.5 കിലോമീറ്റർ ഭൂഗർഭപാതയുമാണ്. ഈ ലൈനിൽക്കൂടി സർവീസ് ആരംഭിക്കുന്നതോടെ ബ്ലൂലൈനിലെ സ്റ്റേഷനായ ദ്വാരക തീവണ്ടി മാറിക്കയറാൻ സാധിക്കുന്ന സ്റ്റേഷനായിമാറും. ഗ്രേലൈൻ ഒക്ടോബർ മൂന്നിന് ഉദ്ഘാടനംചെയ്യുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, അന്തിമതീയതി തീരുമാനിച്ചിട്ടില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) അധികൃതർ പറഞ്ഞു.

നിലവിൽ, മൂന്നുതീവണ്ടികളാണ് സർവീസ് നടത്തുക. നാലാമതൊരു തീവണ്ടികൂടി ഓടിക്കുന്നകാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്കേറിയ സമയങ്ങളിൽ 7.30 മിനിറ്റ്‌ കൂടുമ്പോഴായിരിക്കും സർവീസ്. 6.20 മിനിറ്റാണ് ഈ പാതയിൽ യാത്രയ്ക്ക് വേണ്ട ആകെ സമയം. സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷാ വാതിലുകൾ ഏർപ്പെടുത്തിയിട്ടില്ല. ദൂരക്കുറവുകാരണം ചുരുങ്ങിയ യാത്രക്കാർമാത്രമേ ഉണ്ടാവൂയെന്നകാര്യം കണക്കിലെടുത്താണിത്. ജൂലായ് മുതൽ പരീക്ഷണഓട്ടം നടന്നുവരുകയായിരുന്നു. ഒടുവിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധന നടത്തി യാത്രാസജ്ജമാണെന്ന് ഉറപ്പുവരുത്തിയതോടെയാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്.

മാറിക്കയറാൻ സാധിക്കുന്ന സ്റ്റേഷനായതോടെ വാഹനപാർക്കിങ്ങിനായി 2,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ അധികസ്ഥലം ദ്വാരകയിൽ സജ്ജീകരിക്കും. ഇ-റിക്ഷകൾ, ബസുകൾ എന്നിവയ്ക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും വേണ്ടിയുള്ള കേന്ദ്രങ്ങളും ഒരുക്കും. ഡൽഹി മെട്രോയുടെ മൂന്നാംഘട്ടത്തിൽ ഗ്രേ ലൈൻ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ, 2015-ലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പാത 1.18 കിലോമീറ്റർകൂടി നീട്ടി ധൻസ സ്റ്റാൻഡ് വരെയാക്കുമെന്ന് ഡി.എം.ആർ.സി. മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, 2020 ഡിസംബറോടെ മാത്രമേ ഇതിന്റെ നിർമാണം പൂർത്തിയാവുകയുള്ളൂ. നിലവിൽ, 288 മീറ്റർ ദൈർഘ്യമുള്ള നജ്ഫഗഢ് സ്റ്റേഷനാണ് പാതയിലെ ഏറ്റവും നീളംകൂടിയ സ്റ്റേഷൻ. സ്ഥലപരിമിതികാരണം ഏറെ വെല്ലുവിളികൾ നേരിട്ടാണ് നജഫ്ഗഢ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് മെട്രോ അധികൃതർ പറഞ്ഞു.

Content Highlights: Delhi Metro's new Gray line will be start work next week