ന്യൂഡല്‍ഹി: മെട്രോ മജന്ത പാതയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ക്ഷണിക്കാത്തത്, കൂട്ടിയ മെട്രോ നിരക്ക് കുറയ്ക്കാന്‍ അദ്ദേഹം പരസ്യമായി ആവശ്യപ്പെടുമെന്ന് പേടിച്ചിട്ടാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തി ഡല്‍ഹി ജനതയെ അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറായില്ല.

മെട്രോ നിരക്കു വര്‍ധിപ്പിച്ചവര്‍ മുഖ്യമന്ത്രിയെ ഭയക്കുകയാണെന്ന് സിസോദിയ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതുപറയേണ്ട സമയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, കെജ്രിവാളിനെ തഴഞ്ഞതിനെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി എ.എ.പി. പ്രവര്‍ത്തകര്‍ വ്യാപകമായി ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിച്ചു. 'ക്രെഡിറ്റ് എടുത്തോളൂ, പക്ഷേ, നിരക്കു കുറയ്ക്കണം' എന്ന ഹാഷ് ടാഗോടെയായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം.
 


പ്രതിഷേധവുമായി എസ്.പി. പ്രവര്‍ത്തകര്‍


ന്യൂഡല്‍ഹി: മെട്രോ മജന്ത പാത ഉദ്ഘാടനദിവസത്തില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് അഖിലേഷ് യാദവ് കൊണ്ടുവന്ന പദ്ധതിയുടെ നേട്ടമെടുക്കുന്നുവെന്നാണ് ആരോപണം. സുരേന്ദ്ര സിങ് നാഗറിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.