ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്. ആദ്യമായാണ് ലോകത്ത് മെട്രോ സര്‍വീസിന്റെ എല്ലാ കെട്ടിടങ്ങള്‍ക്കും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 2017-ഓടെ 20 മെഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവും ഡല്‍ഹി മെട്രോ കൈവരിച്ചു.

ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന സ്റ്റേഷനുകള്‍, ഡിപ്പോകള്‍, സബ് സ്റ്റേഷനുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവയ്ക്കും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇന്ത്യന്‍ ഗ്രീന്‍ ബീല്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം റേറ്റിങ്ങിലേക്ക് മെട്രോ ഉയര്‍ന്നു.

മെട്രോ ഭവനില്‍ നടന്ന ഹരിതമെട്രോ സംവിധാനത്തിന്റെ മൂന്നാമത് സമ്മേളനത്തില്‍ പുതിയ സോളാര്‍ സംവിധാനങ്ങള്‍ ഡി.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. മാംഗു സിങ് നാടിന് സമര്‍പ്പിച്ചു. ഹരിതകെട്ടിടങ്ങളുടെ പ്രോത്സാഹനത്തിന് മെട്രോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക അംഗീകാരവും ലഭിച്ചു.

ഹരിതസാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മാംഗു സിങ് പറഞ്ഞു. കഴിഞ്ഞ നാലുദശകങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഊര്‍ജഉപഭോഗം 700 ശതമാനം വര്‍ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയാകും. ഗതാഗതരംഗത്താണ് ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്ലാറ്റിനം റേറ്റിങ് നേടാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ഡല്‍ഹി മെട്രോയെ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അഭിനന്ദിച്ചു.

ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഡി.എം.ആര്‍.സി. ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എ.കെ. ഗുപ്ത അവതരിപ്പിച്ചു. ഡല്‍ഹി മെട്രോയുടെയും ഗുഡ്ഗാവിലെ ശ്രീറാം സ്‌കൂളിന്റെയും സംയുക്തപരിപാടിയായ 'സ്വച്ഛ് ചേതന'യ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളും പ്രോജക്ടുകളും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് സ്വച്ഛ് ചേതന.

ഇന്ത്യയിലെ മറ്റു മെട്രോ കോര്‍പ്പറേഷനുകളിലെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ മെട്രോ ആസൂത്രണം, നിര്‍മാണം, നടത്തിപ്പ് എന്നിവയില്‍ ഹരിതസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ വിവിധ സാധ്യതകള്‍ ചര്‍ച്ചചെയ്തു.