ന്യൂഡല്‍ഹി: മെട്രോ യാത്രാനിരക്ക് വര്‍ധിപ്പിച്ച വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തി സ്വരാജ് ഇന്ത്യ. ആറു മാസത്തിനിടയില്‍ രണ്ടാംതവണയും യാത്രാനിരക്ക് വര്‍ധിപ്പിച്ച നടപടി ജനവിരുദ്ധമാണെന്ന് സ്വരാജ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് അനുപം പറഞ്ഞു. യാത്രാനിരക്കുകൂട്ടിയ നടപടി സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച ശേഷം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ അതിനെ എതിര്‍ത്ത് നാടകം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊതുഗതാഗതസൗകര്യം വേണ്ടത്രയില്ലാതെ വലയുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഗതാഗതക്കുരുക്ക് ദൈനംദിന ദുരിതമായി. ഡി.ടി.സി. ബസുകളുടെ ശോചനീയാവസ്ഥയും ഗതാഗതം ദുരിതത്തിലാക്കി. പൊതുഗതാഗതം സുഗമമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ഡല്‍ഹി മെട്രോയാണ്. എന്നാല്‍, അപ്രതീക്ഷിതമായി നിരക്കുകൂട്ടി പൊതുജനത്തെ വലയ്ക്കുകയാണ് സര്‍ക്കാര്‍.
 
വിദ്യാര്‍ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കുമൊന്നും പുതിയ നിരക്കു താങ്ങാനാവില്ല. 2009-ന് ശേഷം ആദ്യമായി നിരക്കുകൂട്ടിയത് മേയ് പത്തിനായിരുന്നു. അന്ന് സ്വരാജ് ഇന്ത്യ അതിനെ എതിര്‍ത്തില്ല. മെട്രോ റെയിലിനെ ലാഭത്തിലാക്കാന്‍ അത് അനിവാര്യമായിരുന്നു. എന്നാല്‍, ആറുമാസത്തിനുള്ളില്‍ വീണ്ടും നിരക്കുകൂട്ടിയ നടപടിക്ക് ന്യായീകരണമില്ല.

ഒക്ടോബര്‍ മൂന്നുമുതല്‍ പുതിയനിരക്ക് വരുമെന്നാണ് വാര്‍ത്തകള്‍. മേയ് മാസത്തില്‍തന്നെ ഇതിന് തീരുമാനമെടുത്തിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ആറുമാസത്തിനുള്ളില്‍ രണ്ടാമതും നിരക്കുകൂട്ടിയ നടപടിയെ ഒരിക്കലും അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും തുല്യ ഓഹരിപങ്കാളിത്തത്തിലാണ് ഡല്‍ഹി മെട്രോ. ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധികളുണ്ട്.
 
നിരക്കുവര്‍ധനയില്‍ അന്തിമതീരുമാനമെടുക്കുന്നത് ഡി.എം.ആര്‍.സി. ബോര്‍ഡാണ്. മേയില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ ഡല്‍ഹി ഗതാഗതമന്ത്രി പങ്കെടുത്തിരുന്നു. നിരക്കുവര്‍ധനവിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയശേഷം മുഖ്യമന്ത്രി കെജ്രിവാള്‍ ഇപ്പോള്‍ നാടകം കളിക്കുന്നത് എന്തിനാണെന്നും സ്വരാജ് ഇന്ത്യ ചോദിച്ചു. ഡല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളായി കാണരുതെന്നും അനുപം പറഞ്ഞു.