നോയിഡ: പ്രവർത്തനമാരംഭിച്ചശേഷം ആദ്യ നാലുമാസങ്ങളിൽ അക്വാലൈനിൽ സഞ്ചരിച്ചത് 16.38 ലക്ഷം യാത്രക്കാരെന്ന് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (എൻ.എം.ആർ.സി.). ഇതുവഴി വരുമാനയിനത്തിൽ 4.77 കോടി രൂപ ലഭിക്കുകയും ചെയ്തു.

നോയിഡയെയും ഗ്രേറ്റർ നോയിഡയെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ പ്രതിദിനം ശരാശരി 13,317 യാത്രക്കാരുണ്ടെന്നും എൻ.എം.ആർ.സി. പറയുന്നു. അക്വാലൈനിൽ സർവീസ് തുടങ്ങിയ ജനുവരി 25 മുതൽ മേയ് 28 വരെയുള്ള കണക്കാണിത്. പ്രതിദിനം ശരാശരി 3.88 ലക്ഷം രൂപയാണ് വരുമാനം. മേയ് 27-ആയിരുന്നു ഏറ്റവുമധികം വരുമാനം നേടിയ ദിവസം. 5.80 ലക്ഷം രൂപയാണ് അന്ന് കിട്ടിയത്. 19,413 യാത്രക്കാർ അന്നേദിവസം സഞ്ചരിക്കുകയും ചെയ്തു.

ഓരോസ്റ്റേഷനും പ്രതിദിനം ലഭിക്കുന്ന ശരാശരി വരുമാനം 18,484 രൂപയാണ്. സെക്ടർ-147 സ്റ്റേഷനാണ് ഏറ്റവുംകുറഞ്ഞ ശരാശരി വരുമാനം ഒരുദിവസം ലഭിച്ചത്. 20 രൂപ. സെക്ടർ 145 (23 രൂപ), സെക്ടർ 146 (36 രൂപ), സെക്ടർ 148 (140 രൂപ) എന്നിവയാണ് വരുമാനം കുറഞ്ഞ മറ്റു സ്റ്റേഷനുകൾ. സെക്ടർ 51 സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഒരുദിവസം യാത്ര ചെയ്യാനെത്തിയത്. 4048 പേർ. പിന്നാലെ പരിചൗക്ക് (1707), എൻ.എസ്.ഇ. ഇസഡ് (982), സെക്ടർ 142 (906), സെക്ടർ-76 (809) എന്നിവയാണ് മറ്റു സ്റ്റേഷനുകൾ. സെക്ടർ-147 (20), സെക്ടർ-145 (23), സെക്ടർ-144 (36), സെക്ടർ-148 (140) എന്നിവയാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞ സ്റ്റേഷനുകളെന്നും മെട്രോ അധികൃതർ പുറത്തുവിട്ട രേഖകൾ പറയുന്നു. ഇതുവരെ 20,221 സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഓരോ ദിവസം ശരാശരി 164 എണ്ണമെന്ന കണക്കിലാണിത്. കൂടാതെ ക്യു.ആർ. കോഡോടുകൂടിയ 11,67,818 ടിക്കറ്റുകളും വിറ്റു. 71.80 ശതമാനം യാത്രക്കാർ ടിക്കറ്റുകൾ ഉപയോഗിച്ചപ്പോൾ 28.20 ശതമാനം പേരാണ് സ്മാർട്ട് കാർഡ് വഴി യാത്ര ചെയ്തത്. സ്റ്റേഷനുകളിലെ വാഹനപാർക്കിങ് ഇനത്തിൽ 4.59 ലക്ഷം രൂപ ലഭിച്ചു.

പ്രതിദിനം ശരാശരി 5345 രൂപയാണ് കിട്ടിയത്. 5503 കോടി രൂപ ചെലവിട്ട് നിർമിച്ച അക്വാ ലൈൻ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. 29.7 കിലോമീറ്ററിലായി 21 സ്റ്റേഷനുകളാണ് അക്വാ ലൈനിലുള്ളത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ആറുമുതൽ രാത്രി പത്തുവരെയാണ് സർവീസ്. രാവിലെ എട്ടിനാണ് ഞായറാഴ്ച സർവീസ് തുടങ്ങുക.

Content Highlights: Delhi Metro, Aquiline