ന്യൂഡൽഹി: ഡൽഹി മെട്രോയുടെ നാലാംഘട്ടത്തിലെ ആദ്യത്തെ മൂന്ന് ഇടനാഴികൾക്ക് നൽകുന്ന സാമ്പത്തികവിഹിതം ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഡി.ഡി.എ.യോട്് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൂടാതെ നാലാംഘട്ടത്തിന്റെ തത്‌സ്ഥിതി അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരാണ് തിങ്കളാഴ്ച ഹർജി പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. നാലാം ഘട്ടത്തിലെ ആറ് ഇടനാഴികൾക്കുള്ള സാമ്പത്തികവിഹിതമായി 5000 കോടി രൂപ നൽകാമെന്നാണ് ഡി.ഡി.എ. സമ്മതിച്ചിരിക്കുന്നത്. ഇതുപ്രകാരം ആദ്യത്തെ മൂന്ന് ഇടനാഴികൾക്ക് 2500 കോടി രൂപ നൽകും. മൂന്ന് ഇടനാഴികൾക്കായി 7844 കോടി രൂപ നൽകാമെന്ന് ഡൽഹി സർക്കാർ സമ്മതിച്ചിരുന്നതായി മലിനീകരണ നിയന്ത്രണ അതോറിറ്റി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 5994 കോടി രൂപ മാത്രം തങ്ങളുടെ വിഹിതമായി നൽകിയാൽ മതിയെന്ന് 2018 ഡിസംബറിൽ ചേർന്ന ഡൽഹി മന്ത്രിസഭ അന്തിമതീരുമാനമെടുത്തു.

സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ കുറവുവന്ന സാഹചര്യത്തിൽ ഡി.ഡി.എ.യുടെ വിഹിതം ഭാഗികമായോ പൂർണമായോ ഉയർത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തീരുമാനം അറിയിക്കാൻ ഡി.ഡി.എ.യോട് കോടതി ആവശ്യപ്പെട്ടത്. സാമ്പത്തിക വിഷയമായതിനാൽ രണ്ടുദിവസത്തെ സമയം വേണമെന്ന് ഡി.ഡി.എ.യ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയെ അനുസരിക്കാതിരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ആറ് ഇടനാഴികളുടെയും നിർമാണപ്രവർത്തനം വൈകാതെ ആരംഭിക്കുമെന്ന് ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ വിഷയമല്ല ഇക്കാര്യമെന്നും പൊതുജനതാത്പര്യമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി.

എയ്‌റോസിറ്റി-തുഗ്ലക്കാബാദ്, ഇന്ദർലോക്-ഇന്ദ്രപ്രസ്ഥ, ലജ്പത് നഗർ-സാകേത് ജി ബ്ലോക്ക്, മുകുന്ദപുർ-മൗജ്പുർ, പടിഞ്ഞാറൻ ജനക്പുരി-ആർ.കെ. ആശ്രം, റിഠാല-ബവാന എന്നിവയാണ് നാലാംഘട്ടത്തിൽ നിർമിക്കുന്ന ആറ് ഇടനാഴികൾ. ഇവയിൽ എയ്‌റോസിറ്റി-തുഗ്ലക്കാബാദ്, ആർ.കെ. ആശ്രം-പടിഞ്ഞാറൻ ജനക്പുരി, മുകുന്ദപുർ-മൗജ്പുർ എന്നീ മൂന്ന് ഇടനാഴികൾക്ക് മാർച്ചിൽ കേന്ദ്ര നഗരകാര്യമന്ത്രാലയം അനുമതി നൽകിയിരുന്നു. 61 കി.മീറ്റർ ദൈർഘ്യം വരുന്ന ഈ പാതകൾക്ക് 24,948 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. നാലാംഘട്ടം പൂർത്തിയാവുന്നതോടെ ഡൽഹി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ 18.6 ലക്ഷം പേരുടെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Delhi Metro next stage construction