ന്യൂഡൽഹി: ദാനശീലം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഡൽഹി മെട്രോയുടെ നേതൃത്വത്തിൽ ദാൻ ഉത്സവം തുടങ്ങി. ഗാന്ധി ജയന്തിദിനത്തിൽ ആരംഭിച്ച പരിപാടി ഒരാഴ്ചനീളും. വിവിധ പ്രവർത്തനങ്ങൾ ഈ പരിപാടിവഴി സംഘടിപ്പിക്കുമെന്ന് ഡി.എം.ആർ.സി. വക്താവ് അറിയിച്ചു.

തലസ്ഥാനത്തെ 25 മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്റ്റേഷനറി സാധനങ്ങൾ ശേഖരിക്കുന്ന പരിപാടിയാരംഭിച്ചു കഴിഞ്ഞു. ശാഹ്ദ്ര, സിലംപുർ, നേതാജി സുഭാഷ് പ്ലേസ്, രോഹിണി സെക്ടർ 18, സെക്ടർ 19, ഗുരു തേജ് ബഹാദൂർ നഗർ, വിശ്വവിദ്യാലയ, കശ്മീരിഗേറ്റ്, രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐ.എൻ.എ., ഹൗസ് ഖാസ്, സാകേത്, കുത്തബ് മീനാർ, എം.ജി.റോഡ്, സിക്കന്തർപുർ, ഹുഡ സിറ്റി സെന്റർ, നോയ്ഡ സിറ്റി സെന്റർ, ബൊട്ടാണിക്കൽ ഗാർഡൻ, കീർത്തിനഗർ, രജോരി ഗാർഡൻ, ദ്വാരക സെക്ടർ 12, ദ്വാരക സെക്ടർ 21, കൽക്കാജി മന്ദിർ, ലാജ്പത്‌നഗർ, ശിവാജി സ്റ്റേഡിയം എന്നീ സ്റ്റേഷനുകളിലാണ് ശേഖരണ കൗണ്ടറുകൾ.

പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളുമൊക്കെ ദാനംചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കും. മെട്രോ ജീവനക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും ദാനപ്പെട്ടികൾവെക്കും. ദാന ഉത്സവത്തിന്റെ ഭാഗമായി മെട്രോ മ്യൂസിയത്തിൽ കുട്ടികൾക്കുള്ള വിനോദയാത്രയും സംഘടിപ്പിച്ചു. പാവക്കൂത്തും അരങ്ങേറി. വെള്ളിയാഴ്ചയും സമാനമായ പരിപാടികളുണ്ടാവും.