നോയിഡ: സ്വകാര്യ സുരക്ഷാ ജീവനക്കാർ പണിമുടക്കിയതോടെ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവയെ ബന്ധിപ്പിക്കുന്ന അക്വാ ലൈനിൽ മെട്രോ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ ആറുമുതൽ എട്ടുവരെ രണ്ടുമണിക്കൂറാണ് സർവീസ് മുടങ്ങിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ജീവനക്കാർ പണിമുടക്കിയത്.

സെക്ടർ 81, 83, 101, 137, ഇക്കണോമിക് സോൺ എന്നി സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷാപരിശോധന നടത്താൻ ജീവനക്കാർ തയ്യാറായിരുന്നില്ല. ഇതോടെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ യാത്രക്കാർക്ക് സാധിച്ചില്ല. ഏറെനേരം കാത്തുനിന്നിട്ടും പരിഹാരമുണ്ടാവാത്തതോടെ യാത്രക്കാരിൽ പലരും മെട്രോ ഉപേക്ഷിച്ച് മറ്റു ഗതാഗതമാർഗങ്ങൾ തേടി. സുരക്ഷാവീഴ്ചയാണിതെന്നും വിഷയം ഗൗരവമായി കണക്കിലെടുക്കുമെന്നും നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സുരക്ഷാ ഏജൻസിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ ഏജൻസി ക്ഷമാപണം നടത്തിയിട്ടുണ്ട്.