ന്യൂഡൽഹി: വിവിധ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരുടെ താമസസ്ഥലത്തേക്കും മെട്രോ റെയിൽ കോർപ്പറേഷൻ ഇതരസർവീസുകൾ ആരംഭിക്കണമെന്ന് നിർദേശം. സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്ക് മാത്രമായി മെട്രോ റെയിൽവേയുടെ പ്രവർത്തനം ചുരുങ്ങരുത്. നഗര റെയിൽ-നഗരങ്ങളുടെ നിർമാണം എന്ന വിഷയത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ടുമായി (യു.ഐ.ടി.പി.)ചേർന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് നിർദേശം ഉയർന്നുവന്നത്.

നിലവിൽ മെട്രോ സ്റ്റേഷനിലിറങ്ങി ഇ-റിക്ഷകൾ, ഓട്ടോറിക്ഷകൾ, ബസുകൾ തുടങ്ങിയവയെ ആശ്രയിച്ചാണ് യാത്രക്കാർ തിരിച്ചെത്തുന്നത്. ഈ രംഗത്തേക്ക് മെട്രോ കോർപ്പറേഷനുകൾ കടന്നുചെല്ലണം. സ്റ്റേഷനുകളിലേക്ക് എത്താനും തുടർന്ന് താമസസ്ഥലങ്ങളിലേക്കും ഓഫീസുകളിലേക്കുള്ള യാത്രയ്ക്കും മെട്രോയുടെ ഇതരസർവീസുകളെ ജനങ്ങൾക്ക് ആശ്രയിക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിനായി ട്രാമുകൾക്ക് സമാനമായ ലൈറ്റ് റെയിൽ ട്രാൻസിസ്റ്റ്, റോപ്പ് വേ തുടങ്ങിയവയുടെ സാധ്യത പരിശോധിക്കേണ്ടതുണ്ട്. മെട്രോയെ അടിസ്ഥാനമാക്കി നഗരങ്ങൾ ഉയർന്നുവരാൻ ഇക്കാര്യം ആവശ്യമാണ്. ഇതു സാധ്യമാവാൻ സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. ഇതിനൊരു മാതൃകയാണ് ഹോങ്കോങ് നഗരമെന്ന് അവർ ചൂണ്ടിക്കാട്ടി.

നഗരങ്ങളിൽ ജനങ്ങളുടെ യാത്രാപഥത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കേണ്ടത്. ആദ്യം നഗരം ആസൂത്രണം ചെയ്യുകയും പിന്നീട് ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിൽ. ഈ രീതിക്ക് ആദ്യം മാറ്റംവരണം. രാഷ്രീയപിന്തുണ, ഫണ്ട്, പൊതുജനത്തിന്റെ പിന്തുണ, ശക്തമായ മാനേജ്‌മെന്റ് എന്നിവ ഇക്കാര്യത്തിൽ ആവശ്യമായ ഘടകങ്ങളാണ്. പുതിയ പദ്ധതികൾ ആരംഭിക്കാനും അവ വിജയിപ്പിക്കാനും ജനപിന്തുണ ഏറെ അനിവാര്യമാണ്. ഹോങ്കോങ്ങിലെ പൊതുജനങ്ങളിൽ 85 ശതമാനം പേരും പൊതുഗതാഗതത്തെ ആശ്രയിക്കുന്നു.

അതിനാൽ, അവിടെ പൊതുഗതാഗതം വിജയകരവുമാണ്. എന്നാൽ, അത്തരമൊരു സാഹചര്യമല്ല ഡൽഹിയിലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഊർജം പരമാവധി കുറഞ്ഞതോതിൽ ഉപയോഗിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ മെട്രോ റെയിൽവേ മികച്ച ഉദാഹരണമാണെന്നും ഡി.എം.ആർ.സി. എം.ഡി. മങ്കു സിങ് സെമിനാറിൽ പറഞ്ഞു. ഡൽഹിയുടെ സാമ്പത്തികമേഖലയുടെ വളർച്ചയിൽ മെട്രോ മികച്ച സംഭാവനയാണ് നൽകുന്നത്. റോഡപകടങ്ങൾ, ഇന്ധനഉപഭോഗം, മലിനീകരണത്തോത് തുടങ്ങിയവ കുറയ്ക്കുന്നതിൽ മെട്രോ ഏറെ പങ്കുവഹിക്കുന്നു. പരിസ്ഥിതിസൗഹാർദമായാണ് ഡൽഹി മെട്രോയുടെ പ്രവർത്തനം. ഹരിത ചട്ടങ്ങൾ പാലിച്ചാണ് ഏറ്റവും പുതിയ സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്. പഴയ സ്റ്റേഷനുകളേക്കാളും മൂന്നിൽ രണ്ടുഭാഗം മാത്രമാണ് പുതിയ സ്റ്റേഷനുകളുടെ ഇന്ധനഉപഭോഗമെന്നും അദ്ദേഹം വ്യക്തമാക്കി. സെമിനാറിൽ യു.ഐ.ടി.പി. സെക്രട്ടറി ജനറൽ മുഹമ്മദ് മെസ്ഗാനി, സീനിയർ ഡയറക്ടർ ജെറോം, ഡി.എം.ആർ.സി. ഫിനാൻസ് ഡയറക്ടർ കെ.കെ. സബർവാൾ, രാജ്യത്തെ വിവിധ മെട്രോ റെയിൽ കോർപറേഷനുകളുടെ എം.ഡി.മാർ തുടങ്ങിയവർ പങ്കെടുത്തു.