ന്യൂഡൽഹി: മലയാളികൾ ഏറെയുള്ള കിഴക്കൻ ഡൽഹിയിൽ യാത്ര വേഗത്തിലാക്കി ത്രിലോക്പുരി സഞ്ജയ് ലെയ്ക്ക് -ശിവവിഹാർ മെട്രോ പാത തുറന്നു. ഡി.എം.ആർ.സി. ആസ്ഥാനമായ മെട്രോ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസനമന്ത്രി ഹർദീപ് സിങ് പുരി റിമോട്ട് കൺട്രോൾ വഴി ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട്, ഡി.എം.ആർ.സി. മാനേജിങ് ഡയറക്ടർ മാംഗു സിങ് തുടങ്ങിയവർ പങ്കെടുത്തു.

ഡൽഹിയിലെ മെട്രോ പദ്ധതി ആഗോളവിജയമാണെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. 2002-ൽ തുടങ്ങിയ യാത്ര ഇപ്പോൾ 314 കിലോമീറ്റർ പിന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം പ്രശംസിച്ചു. എൻജിനീയറിങ് രംഗത്തെ അദ്‌ഭുതംകൂടിയാണ് ഡൽഹി മെട്രോയെന്ന്‌ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ചാന്ദ്‌നി ചൗക്ക് പോലുള്ള തിരക്കുള്ള മേഖലകളിലേക്ക്‌ മെട്രോ എത്തിയതുതന്നെ അതിശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഡൽഹിയെ അഭിമാനമുള്ള നഗരമാക്കിയ ഒന്നാണ് ഡൽഹി മെട്രോയെന്ന്‌ ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടും അഭിപ്രായപ്പെട്ടു. വടക്കു-കിഴക്കൻ ഡൽഹി സ്വദേശികൾക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് ഈ മെട്രോ പാതയുടെ ആരംഭമെന്നു മനോജ് തിവാരി എം.പി.യും പറഞ്ഞു.

നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ സുപ്രധാന യാത്രാമാർഗമാണ് ഇപ്പോൾതുറന്ന പാതയെന്ന്‌ മാംഗു സിങ് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട യാത്രാ ഇടനാഴികളെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. വരുംമാസങ്ങളിൽ അവയെല്ലാം ഗതാഗതത്തിന്‌ തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ത്രിലോക്പുരി- സഞ്ജയ് ലെയ്ക്ക്, ഈസ്റ്റ് വിനോദ് നഗർ-മയൂർവിഹാർ ഫേസ് രണ്ട്, മണ്ഡാവലി-വെസ്റ്റ് വിനോദ് നഗർ, ഐ.പി. എക്സ്റ്റൻഷൻ, ആനന്ദ് വിഹാർ ഐ.എസ്.ബി.ടി., കഡ്കഡൂമ, കഡ്കഡൂമ കോടതി, കൃഷ്ണനഗർ, ഈസ്റ്റ് ആസാദ് നഗർ, വെൽക്കം, ജാഫ്രാബാദ്, മോജ്പുർ-ബാബർപുർ, ഗോകുൽപുരി, ജോറി എൻക്ലേവ്, ശിവ വിഹാർ എന്നിവയാണ് പുതിയ പാതയിലെ മെട്രോ സ്‌റ്റേഷനുകൾ. മൊത്തം 17.8 കിലോമീറ്ററാണ് ഈ പാത. ആനന്ദ് വിഹാർ, കഡ്കഡൂമ, വെൽക്കം എന്നീ മൂന്നു ഇന്റർചേഞ്ച് സ്റ്റേഷനുകളുണ്ട്.

കിഴക്കൻ ഡൽഹിയിൽ മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ് മയൂർവിഹാർ ഫേസ് രണ്ട്, ഐ.പി. എക്സ്റ്റൻഷൻ എന്നിവ. ഇവിടങ്ങളിലേക്ക്‌ മെട്രോ എത്തുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്ക് യാത്ര ഇനി എളുപ്പമാവും. ഈസ്റ്റ് വിനോദ് നഗർ സ്‌റ്റേഷന്‌ മയൂർവിഹാർ ഫേസ് രണ്ട് എന്ന പേരുകൂടി നൽകിയത് മലയാളികളുടെ ഇടപെടലിനെത്തുടർന്നായിരുന്നു. ജനസംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഡി.എം.ആർ.സി.ക്കും ഒട്ടേറെ നിവേദനം നൽകുകയുണ്ടായി. റെസിഡന്റ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഒപ്പുശേഖരണവും പ്രതിഷേധസമരങ്ങളുമൊക്കെ നടന്നു. തുടർന്നാണ്, മയൂർവിഹാർ ഫേസ് രണ്ട് എന്ന പേരുകൂടി നൽകാനുള്ള പ്രഖ്യാപനം.